---
title: "സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം"
english_title: "Cpim state meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28835/cpim-state-meeting"
published_at: "2022-02-28T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c28644ec40_images (4).jpeg"
keywords: []
---

# സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

> **Lead Summary:** സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച കൊച്ചിയിൽ തുടക്കം. മറൈന്‍ഡ്രൈവില്‍ തയാറാക്കിയ നഗരിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം. ആദ്യ മൂന്നുനാള്‍ ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കര്‍മപദ്ധതിയുടെ നയരേഖയും പ്രവര്‍ത്തനറിപ്പോര്‍ട്ടും അംഗീകരിക്കും.നാലിന് വൈകിട്ട് ഇ.ബാലാനന്ദന്‍ നഗറില്‍ സമാപന സമ്മേളനം. സെമിനാറുകള്‍, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ദൃശ്യവല്‍ക്കരിച്ച ചരിത്രപ്രദര്‍ശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ നാലുനാള്‍ അഭിമന്യു നഗറിനെ സമ്പന്നമാക്കും.

## Article Content

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച കൊച്ചിയിൽ തുടക്കം. മറൈന്‍ഡ്രൈവില്‍ തയാറാക്കിയ നഗരിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം. ആദ്യ മൂന്നുനാള്‍ ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കര്‍മപദ്ധതിയുടെ നയരേഖയും പ്രവര്‍ത്തനറിപ്പോര്‍ട്ടും അംഗീകരിക്കും.നാലിന് വൈകിട്ട് ഇ.ബാലാനന്ദന്‍ നഗറില്‍ സമാപന സമ്മേളനം. സെമിനാറുകള്‍, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ദൃശ്യവല്‍ക്കരിച്ച ചരിത്രപ്രദര്‍ശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ നാലുനാള്‍ അഭിമന്യു നഗറിനെ സമ്പന്നമാക്കും.

കൊവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല. ചൊവ്വ രാവിലെ ഒമ്പതിന് സമ്മേളനപതാക ഉയരും. രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സര്‍ക്കാരിലേതു പോലെ പാര്‍ട്ടി നേതൃനിരയിലും തലമുറ മാറ്റത്തിനൊരുങ്ങുകയാണ് സിപിഐഎം. സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായ പരിധി നടപ്പാക്കുന്നതോടെ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും. വനിതാ പ്രാതിനിധ്യവും വര്‍ധിപ്പിക്കാനാണ് ശ്രമം. പിണറായി അടക്കമുള്ള നേതാക്കള്‍ക്ക് ഇളവ് ലഭിക്കുമെന്നും ഉറപ്പാണ്. വിഭാഗീയത പൂര്‍ണമായും അവസാനിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

36 വര്‍ഷത്തിനു ശേഷമാണ് കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ എറണാകുളം മറൈന്‍ ഡ്രൈവിലാണ് സമ്മേളനം. 1985ല്‍ എറണാകുളത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമ്മേളനം കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിരുന്നു. 

സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികളേയും നേതാക്കളേയും സ്വീകരിക്കാന്‍ എറണാകുളം നഗരം ഒരുങ്ങിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28835/cpim-state-meeting)