---
title: "യുക്രൈനെതിരായ റഷ്യന്‍ ആക്രമണം അഞ്ചാം ദിവസവും തുടരുന്നു"
english_title: "5th day of war"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28840/5th-day-of-war"
published_at: "2022-02-28T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c2dcfb5bda_n36352456416460138672861469e18e5bb84c21edb0815cc0e0853ab2d7817c62f5b0f16c04183da93495bc.jpg"
keywords: []
---

# യുക്രൈനെതിരായ റഷ്യന്‍ ആക്രമണം അഞ്ചാം ദിവസവും തുടരുന്നു

> **Lead Summary:** യുക്രൈനെതിരായ റഷ്യന്‍ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം,സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ബെലാറൂസില്‍ വെച്ച്‌ റഷ്യയുമായി ചര്‍ച്ചചെയ്യാമെന്ന് യുക്രൈന്‍ പ്രഡിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയും സന്നദ്ധത അറിയിച്ചുകഴിഞ്ഞു.

## Article Content

യുക്രൈനെതിരായ റഷ്യന്‍ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം,സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ബെലാറൂസില്‍ വെച്ച്‌ റഷ്യയുമായി ചര്‍ച്ചചെയ്യാമെന്ന് യുക്രൈന്‍ പ്രഡിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയും സന്നദ്ധത അറിയിച്ചുകഴിഞ്ഞു.

ഉപാധികളില്ലാത്ത ചര്‍ച്ച ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്.

റഷ്യന്‍ സഖ്യകക്ഷിയായ ബെലാറൂസില്‍ വെച്ച്‌ ചര്‍ച്ച നടത്താന്‍ ആദ്യം വിസമ്മതിച്ചെങ്കിലും കീവിലെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചര്‍ച്ചയ്ക്ക് അയക്കാമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ ദിവസവും യുക്രൈന്‍റെ എല്ലാ ദിശകളിലും റഷ്യയുടെ ഷെല്ലാക്രമണം തുടര്‍ന്നു. കിയവിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വാസില്‍കിവ് സൈനികതാവളത്തിന് നേരെ വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്.നഗരം മുഴുവന്‍ റഷ്യന്‍ സൈന്യം ഇപ്പോഴും വളഞ്ഞിരിക്കുകയാണ്. ഖാര്‍കിവില്‍ പൂര്‍ണ നിയന്ത്രണം യുക്രേനിയന്‍ സൈന്യത്തിനാണെന്ന് ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് പറഞ്ഞു. 4300 ഓളം സൈനികരെ വധിച്ചതായി യുക്രൈന്‍ അവകാശപ്പെടുന്നു.

റഷ്യയുടെ ആക്രമണത്തില്‍ 14 കുട്ടികളുള്‍പ്പടെ 350ഓളം സാധാരണക്കാരാണ് യുക്രൈനില്‍ കൊല്ലപ്പെട്ടത്. 360,000-ത്തിലധികം ആളുകള്‍ ഉക്രെയ്നില്‍ നിന്ന് പലായനം ചെയ്തതായി യുഎന്‍ പറയുന്നു.യുദ്ധം തുടര്‍ന്നാല്‍ 7 ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.ആണവകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടാകാതിരിക്കാന്‍ സേനയ്ക്ക് റഷ്യ കനത്ത ജാഗ്രതാ നിര്‍ദേശമാണ് കൊടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍റെ വിലക്കില്‍ തീരുമാനമാകുന്നത് വരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുമെന്ന് റഷ്യന്‍ എയര്‍ലൈന്‍ എയ്‌റോഫ്ലോട്ട് അറിയിച്ചു.അമേരിക്കയും ഫ്രാന്‍സും റഷ്യയിലുള്ള പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

ഇന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരും.വംശഹത്യ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച്‌ റഷ്യയ്‌ക്കെതിരെ യുഎന്‍ പരമോന്നത കോടതിയില്‍ യുക്രെയ്ന്‍ കേസ് ആരംഭിച്ചുകഴിഞ്ഞു. റഷ്യയുടെ അധിനിവേശം നിര്‍ത്തി നഷ്ടപരിഹാരം നല്‍കാനും യുക്രൈന്‍ കോടതിയില്‍ ആവശ്യം ഉന്നയിച്ചു.എന്നാല്‍, യുക്രൈനിലെ സാധാരണക്കാരെ ഉപദ്രവിക്കുന്നില്ലെന്നും മനുഷ്യകവചമായി അവരെ ഉപയോഗിക്കുന്നത് യുക്രൈനാണെന്നും യുഎന്‍എസ്സിയിലെ റഷ്യന്‍ പ്രതിനിധി പറഞ്ഞു. അതേസമയം,യുഎസ് എയര്‍ഫോഴ്സിന്‍റെ കൂടുതല്‍ വിമാനങ്ങള്‍ റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ റഷ്യക്കെതിരെ സജ്ജമായി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28840/5th-day-of-war)