---
title: "ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2022 ജൂലൈ മൂന്ന് ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും"
english_title: "Jee advance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28842/jee-advance"
published_at: "2022-02-28T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c30eb1ef50_images (7).jpeg"
keywords: []
---

# ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2022 ജൂലൈ മൂന്ന് ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും

> **Lead Summary:** ഐ.ഐ.ടികളില്‍ ബി.ടെക്, ബി.എസ്, ബി.ആര്‍ക്, ഡ്യൂവെല്‍ ഡിഗ്രി ബി.ടെക്, എം.ടെക്, ബി.എഡ്-എം.എഡ്, ഇന്റഗ്രേറ്റഡ് എം.ടെക്/എം.എസ്സി പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായുള്ള യോഗ്യത നിര്‍ണയ പരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2022 ജൂലൈ മൂന്ന് ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും.

## Article Content

ഐ.ഐ.ടികളില്‍ ബി.ടെക്, ബി.എസ്, ബി.ആര്‍ക്, ഡ്യൂവെല്‍ ഡിഗ്രി ബി.ടെക്, എം.ടെക്, ബി.എഡ്-എം.എഡ്, ഇന്റഗ്രേറ്റഡ് എം.ടെക്/എം.എസ്സി പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായുള്ള യോഗ്യത നിര്‍ണയ പരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2022 ജൂലൈ മൂന്ന് ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും.

രണ്ടു പേപ്പറുകളാണുള്ളത്. പേപ്പര്‍ ഒന്ന് രാവിലെ 9 മുതല്‍ 12 മണി വരെയും പേപ്പര്‍ രണ്ട് ഉച്ചക്കു ശേഷം 2.30 മുതല്‍ 5.30 വരെയുമാണ്. രണ്ടു പേപ്പറുകളും നിര്‍ബന്ധമായും അഭിമുഖീകരിക്കണം. ഐ.ഐ.ടി ബോംബെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും https://jeeadv.ac.inല്‍. പാലക്കാട് ഉള്‍പ്പെടെ ഇന്ത്യയൊട്ടാകെ 23 ഐ.ഐ.ടികളിലേക്കാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം.

ജെ.ഇ.ഇ മെയിന്‍ 2022ല്‍ ബി.ഇ/ബി.ടെക് പേപ്പറില്‍ ഉയര്‍ന്ന റാങ്ക് നേടിയ രണ്ടര ലക്ഷം പേര്‍ക്കാണ് ജെ.ഇ.ഇ അഡ്വാന്‍സില്‍ പ​ങ്കെടുക്കാവുന്നത്. 1997 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. SC/ST/PWD വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ https://jeeadv.ac.inല്‍ ജൂണ്‍ എട്ടിന് സജ്ജമാകും.

രജിസ്ട്രേഷന്‍ ഫീസ് 2800 രൂപ. വനിതകള്‍/SC/ST/PWD വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 1400 രൂപ മതി. ജൂണ്‍ എട്ടു മുതല്‍ 14 വൈകീട്ട് 5 മണി വരെ നിര്‍ദേശാനുസരണം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 27 -ജൂലൈ 3 വരെ ഡൗണ്‍ലോഡ് ചെയ്യാം. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോഡ്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ പരീക്ഷാ കേന്ദ്രങ്ങളാണ്. പരീക്ഷാഫലം ജൂലൈ 18ന്. ബി.ആര്‍ക് പ്രവേശനത്തിന് ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ പാസാകണം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് അഭിരുചി പരീക്ഷയില്‍ പ​ങ്കെടുക്കാം. രജിസ്ട്രേഷന്‍ ജൂലൈ 18, 19 തീയതികളില്‍ നടത്തും. അഭിരുചി പരീക്ഷ ജൂലൈ 21ന് രാവിലെ 9-12 മണി വരെ. ഫലം ജൂലൈ 24ന്. വിജ്ഞാപനം https://jeeadv.ac.inല്‍ •ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 8 മുതല്‍ 14 വരെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28842/jee-advance)