---
title: "യക്ഷിക്കോട്ട - രാജമല വഴി - കരിയംകാപ്പ് അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യവുമായി പ്രദേശവാസികള്‍"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291099/kelakam"
published_at: "2025-05-20T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682bf29e93921_IMG-20250520-WA0006.jpg"
keywords: []
---

# യക്ഷിക്കോട്ട - രാജമല വഴി - കരിയംകാപ്പ് അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യവുമായി പ്രദേശവാസികള്‍

> **Lead Summary:** അടയ്ക്കാത്തോട് : കേളകം പഞ്ചായത്തിലെ യക്ഷിക്കോട്ട - രാജമല വഴി - കരിയംകാപ്പ് അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യവുമായി പ്രദേശവാസികള്‍. പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലായി വരുന്ന റോഡിന്റെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരമാണ് കല്ലും മണ്ണും നിറഞ്ഞ് ഓഫ് റോഡിന് സമാനമായിട്ടുളളത്.

## Article Content

അടയ്ക്കാത്തോട് : കേളകം പഞ്ചായത്തിലെ യക്ഷിക്കോട്ട - രാജമല വഴി - കരിയംകാപ്പ് അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യവുമായി പ്രദേശവാസികള്‍. പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലായി വരുന്ന റോഡിന്റെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരമാണ് കല്ലും മണ്ണും നിറഞ്ഞ് ഓഫ് റോഡിന് സമാനമായിട്ടുളളത്.

റോഡിന്റെ കുറച്ച് ഭാഗം ടാറും കുറച്ച് ഭാഗം കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. 35 വര്‍ഷമായി ഉപയോഗിക്കുന്ന റോഡാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിന് ഇടയില്‍ ഏകദേശം 700 മീറ്റര്‍ മാത്രമാണ് കോണ്‍ക്രീറ്റും ടാറും ചെയ്തത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. പ്രദേശവാസികള്‍ ചേര്‍ന്ന് ജനപ്രതിനിധികള്‍ക്ക് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി നല്‍കിയില്ലെന്നാണ് പ്രദേശവാസികള്‍ പരാതി പറയുന്നത്.

റോഡിന്റെ ഏഴാം വാര്‍ഡില്‍ വരുന്ന ഭാഗത്ത് 300 മീറ്ററും ആറാം വാര്‍ഡില്‍ വരുന്ന ഭാഗത്ത് 700 മീറ്ററുമാണ് ഓഫ് റോഡിന് സമാനമായി കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴവെളളം കുത്തിയൊലിച്ച് വന്നതോടെ റോഡിന്റെ സ്ഥിതി കൂടുതല്‍ ശോചനീയമായി.

ഇപ്പോള്‍ എകദേശം പത്ത് കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തെ നിരവധി കുടുംബങ്ങള്‍ യക്ഷിക്കോട്ട ഭാഗത്ത് താമസിച്ചിരുന്നു. കുറേ പേര്‍ പ്രദേശത്ത് നിന്ന് താമസം മാറ്റി. എന്നാല്‍ താമസം മാറി പോയവരുടെ കൃഷിയിടങ്ങള്‍ യക്ഷിക്കോട്ട ഭാഗത്ത് ഉണ്ട്. റോഡ് ഗതാഗതയോഗ്യമല്ലാത്തത് മൂലം പറമ്പ് വില്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. യക്ഷിക്കോട്ട - രാജമല വഴി - കരിയംകാപ്പ് അങ്കണവാടി റോഡ് കോണ്‍ക്രീറ്റോ, ടാറോ ചെയ്തു തരണമെന്നാണ് പ്രദേശവാസികള്‍ ആവശ്യം ഉന്നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291099/kelakam)