---
title: "കനത്ത മഴ: കോഴിക്കോട്ടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണു; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292414/rain"
published_at: "2025-05-27T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683512a9ddbf4_download_(76).jpeg"
keywords: []
---

# കനത്ത മഴ: കോഴിക്കോട്ടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണു; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ മരം കടപുഴകിവീണ് ഗതാഗത തടസ്സം. കോഴിക്കോട്ടും ആലുവയിലുമാണ് ട്രാക്കിൽ മരംവീണത്. നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.

## Article Content

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ മരം കടപുഴകിവീണ് ഗതാഗത തടസ്സം. കോഴിക്കോട്ടും ആലുവയിലുമാണ് ട്രാക്കിൽ മരംവീണത്. നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.

കോഴിക്കോട് കല്ലായി-ഫറോക്ക് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അരീക്കാട് റെയിൽവേ ട്രാക്കിലേക്ക് മൂന്ന് മരങ്ങൾ കടപുഴകിവീണു. ഇതോടെ റെയിൽവേയുടെ വൈദ്യുതലൈൻ പൊട്ടിവീണു. സമീപത്തെ വീടിന്റെ മേൽക്കൂരയായി പാകിയ ഷീറ്റും കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു.

സംഭവത്തെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് കല്ലായി സ്റ്റേഷന് മുൻപായി നിർത്തിയിട്ടിരിക്കുകയാണ്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കല്ലായിയിലും കണ്ണൂർ-ഷൊർണൂർ മെമു കോഴിക്കോട്ടും പിടിച്ചിട്ടിരിക്കുകയാണ്. ശക്തമായ കാറ്റിൽ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേൽക്കൂരകളും തകർന്നിട്ടുണ്ട്.

കോഴിക്കോട്ട് റെയിൽവേട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണപ്പോൾആലുവ ചൂർണ്ണിക്കര അമ്പാട്ടുകാവിന് സമീപം കൂറ്റൻ ആൽമരം കടപുഴകി വീണാണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടത്. രാത്രി എട്ടരയോടെയാണ് സംഭവം. അമ്പാട്ടുകാവ് ചുമട്ടു തൊഴിലാളി യൂണിയൻ ഓഫീസിന് പിൻവശത്തെ മരമാണ് മറിഞ്ഞു വീണത്. റെയിൽവേ ട്രാക്കിലെ രണ്ട് ഇലക്ട്രിക് ലൈനുകൾ പൊട്ടി. ഇതോടെ റെയിൽവേ ട്രാക്കിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

മരം മുറിച്ചുമാറ്റി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് വിവരം. ഇതുവഴിയുള്ള വിവിധ ട്രെയിൻ സർവീസുകൾ തിരുവനന്തപുരം-നാഗർകോവിൽ നോർത്ത് പാസഞ്ചർ എക്സ്പ്രസ് റദ്ദ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് രാത്രി 7.25ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് വൈകി 9.05-ന് ആയിരിക്കും ചൊവ്വാഴ്ച പുറപ്പെടുക. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.50-ന് പൂനയിലേക്ക് പുറപ്പെടുന്ന പൂർണ വീക്കിലി എക്സ്പ്രസ് വൈകി 9.15-നാണ് യാത്ര ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292414/rain)