---
title: "വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും"
english_title: "Walayar Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29459/Walayar-Case"
published_at: "2022-03-03T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220367a91f22_Screenshot_20220303_084648.jpg"
keywords: []
---

# വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും

> **Lead Summary:** പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. നാളെ രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് പുസ്തകം പ്രകാശനം ചെയ്യും. ഇളയ കുഞ്ഞിന്‍റെ അ‍‍ഞ്ചാം ചരമ വാര്‍ഷികമാണ് നാളെ. മക്കളുടെ മരണത്തില്‍ ഉന്നത സ്വാധീനമുള്ള ആറാമതൊരാള്‍ പ്രതിയായി ഉണ്ടായിരുന്നെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി.

## Article Content

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. നാളെ രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് പുസ്തകം പ്രകാശനം ചെയ്യും. ഇളയ കുഞ്ഞിന്‍റെ അ‍‍ഞ്ചാം ചരമ വാര്‍ഷികമാണ് നാളെ. മക്കളുടെ മരണത്തില്‍ ഉന്നത സ്വാധീനമുള്ള ആറാമതൊരാള്‍ പ്രതിയായി ഉണ്ടായിരുന്നെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി.

കേസ് അട്ടിമറിച്ചത് ഇയാളെ രക്ഷിക്കാനാണ്. മൂത്തമകള്‍ മരിച്ചപ്പോള്‍ വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോവുന്നത് ഇളയ മകള്‍ കണ്ടിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസമായിട്ടും പകര്‍പ്പ് നല്‍കിയില്ലെന്നും വാളയാര്‍ അമ്മ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് വാളയാര്‍ അമ്മ പറഞ്ഞു.

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് വാളയാറിലെ സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സിബിഐയും തള്ളുന്നത്.

ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.അട്ടിമറികളേറെക്കണ്ട സമാനതകളില്ലാത്ത കേസാണ് വാളയാറിലെ പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വീടിന്‍റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു.

തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി.

അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും ചെയ്തു  പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജനും നല്‍കി. തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29459/Walayar-Case)