---
title: "തലശ്ശേരി മണ്ഡലത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വന്‍കുതിപ്പിന് നബാര്‍ഡ് ധനസഹായം ഉറപ്പാക്കും"
english_title: "thalasery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297226/thalasery"
published_at: "2025-06-19T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543cd47b15a_WhatsApp_Image_2025-06-19_at_18.37.50_f5b11e1f.jpg"
keywords: []
---

# തലശ്ശേരി മണ്ഡലത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വന്‍കുതിപ്പിന് നബാര്‍ഡ് ധനസഹായം ഉറപ്പാക്കും

> **Lead Summary:** തലശ്ശേരി: തലശ്ശേരി മണ്ഡലത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനത്തിന് നബാര്‍ഡ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കും.നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ അദ്ദേഹത്തിന്റെ ചേംബറില്‍ സന്ദര്‍ശിച്ച നബാര്‍ഡ് ചെയര്‍മാനും ഉന്നത ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

## Article Content

തലശ്ശേരി: തലശ്ശേരി മണ്ഡലത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനത്തിന് നബാര്‍ഡ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കും.നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ അദ്ദേഹത്തിന്റെ ചേംബറില്‍ സന്ദര്‍ശിച്ച നബാര്‍ഡ് ചെയര്‍മാനും ഉന്നത ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റുഡന്റ്സ് ഹോസ്റ്റലുകള്‍, നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റേഡിയോ തെറാപ്പി ബ്ലോക്കിന്റെ നവീകരണ പ്രവൃത്തികള്‍ അടക്കം നടപ്പാക്കുന്നതിന് 121 കോടി രൂപയുടെ പ്രോപ്പോസല്‍ നബാര്‍ഡിന് സമര്‍പ്പിച്ചു. രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതോടെ എഷ്യയിലെ തന്നെ ഏറ്റവും വലിയ ഓങ്കോളജി റിസര്‍ച്ച് സെന്ററായി മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസിക്കുമെന്നും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്രയമായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.

തലശ്ശേരി ജനറല്‍ ആശുപത്രി നഗരമധ്യത്തില്‍ നിന്നും കണ്ടിക്കലില്‍ പണി പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തേയ്ക്ക് മാറ്റുന്നതും പുതിയ അത്യാധുനിക ബ്ലോക്ക് പണിയുന്നതുമായും ബന്ധപ്പെട്ട് 75 കോടി രൂപയുടെ പ്രോപ്പോസല്‍ ധനകാര്യ വകുപ്പ് മുഖേന സമര്‍പ്പിക്കും.സംസ്ഥാനത്തെ പ്രധാന ജനറല്‍ ആശുപത്രികളിലൊന്നായ തലശ്ശേരി ജനറല്‍ ആശുപത്രി പുതിയ സ്ഥലത്ത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലബാര്‍ കാന്‍സര്‍ സെന്റര്‍, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന മേഖല തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബായി മാറും.തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്‍ക്യൂബേഷന്‍ സെന്റര്‍, ഐ.ടി. പാര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ സമഗ്രവികസനം ലക്ഷ്യമാക്കി ടെക്നിക്കല്‍ ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള പ്രോപ്പോസല്‍ സഹകരണ വകുപ്പിന്റെ അനുമതിയോടെ സമര്‍പ്പിക്കും.നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ.വി, ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സിസില്‍ തിമോത്തി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റോണി രാജു സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297226/thalasery)