---
title: "കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിന് 7-ാം തവണയും ദേശീയ അവാർഡ്  "
english_title: "7th National Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29873/7th-National-Award"
published_at: "2022-03-05T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622314b9d8d9d_Picsart_22-03-05_13-13-19-441.jpg"
keywords: []
---

# കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിന് 7-ാം തവണയും ദേശീയ അവാർഡ്  

> **Lead Summary:** കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിന് അസോച്ചം ദേശീയ അവാർഡ് 7-ാം തവണയും ലഭിച്ചതായി ചെയർമാൻ എം കെ ദിനേശ് ബാബു ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിന് അസോച്ചം ദേശീയ അവാർഡ് 7-ാം തവണയും ലഭിച്ചതായി ചെയർമാൻ എം കെ ദിനേശ് ബാബു ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വ്യാപാര വികസന സംഘടനയായ അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ - അസോച്ചം ആണ് കേരള ദിനേശിനെ അവാർഡിനായി തിരഞ്ഞെടുത്തത്. 

ഉൽപന്നങ്ങളുടെ ഗുണനിലവാരം, തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യം, സർക്കാരിന് നൽകേണ്ട നികുതി തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് കേരള ദിനേശ് അവാർഡിന് അർഹമായത്. 

2020 വർഷം ഒഴികെ 2014 മുതൽ 2021 വരെയുള്ള കാലയളവിൽ അസോച്ചം അവാർഡ് കേരള ദിനേശിന് ലഭിച്ചു. 1969 ൽ ബീഡി മേഖലയിൽ ആരംഭിച്ച കേരള ദിനേശ് ഭക്ഷ്യ സംസ്ക്കരണം, ഐടി, കുട നിർമ്മാണം, ഓഡിറ്റോറിയം , റസ്റ്റാറൻ്റ് തുടങ്ങിയ മേഖലകളിൽ ചുവട് ഉറപ്പിച്ചതായും ചെയർമാൻ അവകാശപ്പെട്ടു.

മാർച്ച് 9ന് ഡൽഹി താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നാരയൺ ടാറ്റു റാനെ അവാർഡ് കൈമാറും. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ പള്ളിയത്ത് ശ്രീധരൻ, മാർക്കറ്റിങ്ങ് മാനേജർ സന്തോഷ് കുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29873/7th-National-Award)