---
title: "സര്‍ക്കാര്‍ ഒരു പദ്ധതിയെ കുറിച്ച്‌ പറഞ്ഞാല്‍ നടക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍"
english_title: " Silver line"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29917/silver-line"
published_at: "2022-03-05T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6223473924d9e_images.jpeg"
keywords: []
---

# സര്‍ക്കാര്‍ ഒരു പദ്ധതിയെ കുറിച്ച്‌ പറഞ്ഞാല്‍ നടക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

> **Lead Summary:** കെ റെയില്‍ പദ്ധതി നടക്കുമെന്ന് എതിര്‍ക്കുന്നവര്‍ക്ക് പോലുമറിയാമെന്നും അത് തന്നെയാണ് എതിര്‍പ്പിന് കാരണമെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പദ്ധതിയെ കുറിച്ച്‌ പറഞ്ഞാല്‍ നടക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

## Article Content

കെ റെയില്‍ പദ്ധതി നടക്കുമെന്ന് എതിര്‍ക്കുന്നവര്‍ക്ക് പോലുമറിയാമെന്നും അത് തന്നെയാണ് എതിര്‍പ്പിന് കാരണമെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പദ്ധതിയെ കുറിച്ച്‌ പറഞ്ഞാല്‍ നടക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കെ റെയില്‍ സംബന്ധിച്ച്‌ പൗരപ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നതെന്നും ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണ് ഇത് നടക്കുകയെന്നും ഇത്തരം പദ്ധതി കേരളം ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മുമ്ബൊക്കെ പദ്ധതികള്‍ കൊണ്ടു വന്നാല്‍ സാധാരണ നടപ്പാകാറില്ലെന്നും ഏത് പദ്ധതി വരുമ്ബോഴും അങ്ങനെയാണ് ജനങ്ങള്‍ കണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പാകില്ലെന്ന് കരുതിയ ദേശീയ പാത വികസനം ഓരോ റീച്ചായി അതി വേഗത്തില്‍ നടക്കുന്നു. ഗെയില്‍ പദ്ധതി നടക്കില്ലെന്ന് കരുതി അവര്‍ തന്നെ ഉപേക്ഷിച്ചതാണ്. അത് നടപ്പായി -മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ നടപ്പാക്കുമ്ബോള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാറിനില്ലെന്നും നാടിന്റെ വികസനത്തിന് വേണ്ടി കുറച്ച്‌ സ്ഥലം വിട്ടു നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണടച്ച്‌ എതിര്‍ക്കുന്നവര്‍ക്കുള്ള വിശദീകരണമല്ലിതെന്നും യഥാര്‍ത്ഥ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദമാണ്. കേരളത്തിലെ ചില പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമാണെങ്കിലും അത്തരമിടങ്ങളിലൂടെ പാത കടന്നു പോകുന്നില്ല. 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ വീതിയാണ് ആവശ്യമായ ഭൂമിയ്ക്ക് വേണ്ടത്. കല്ലും മണ്ണുമെല്ലാം ദേശീയ പാത വികസനത്തെക്കാള്‍ കുറവ് മതി. 115 കിലോമീറ്റര്‍ പാടശേഖരത്തില്‍ 88 Km ആകാശപാതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, വിശദീകരണ വേദിയിലേക്ക് കെ റെയില്‍ വിരുദ്ധ സമിതിയുടെ പ്രതിഷേധ പ്രകടനം നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29917/silver-line)