---
title: "അദ്ധ്യാപകരുടെ മൊഴിയെടുക്കും: ആശിർനന്ദയുടെ മരണത്തിൽ അന്വേഷണം കടുപ്പിക്കും"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299226/kozhikod"
published_at: "2025-06-29T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860c1ba3d2a0_IMG-20250629-WA0007.jpg"
keywords: []
---

# അദ്ധ്യാപകരുടെ മൊഴിയെടുക്കും: ആശിർനന്ദയുടെ മരണത്തിൽ അന്വേഷണം കടുപ്പിക്കും

> **Lead Summary:** കോഴിക്കോട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. ഉദ്യോഗസ്ഥർ നാളെ സ്കൂളിലെത്തി ക്ലാസിലെ മുഴുവൻ കുട്ടികളും പറയുന്നത് കേൾക്കും.

## Article Content

കോഴിക്കോട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. ഉദ്യോഗസ്ഥർ നാളെ സ്കൂളിലെത്തി ക്ലാസിലെ മുഴുവൻ കുട്ടികളും പറയുന്നത് കേൾക്കും.

ആരോപണ വിധേയരായ അദ്ധ്യാപകരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കും. സഹപാഠികൾ ആശിർനന്ദയുടേതെന്ന് പറഞ്ഞ് കൈമാറിയ ആത്മഹത്യാക്കുറിപ്പിലെ കൈപ്പട പരിശോധനയ്ക്കായി അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകിയേക്കും.

ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സ്കൂളിനെതിരെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമെന്നും ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിർനന്ദ ആത്മഹത്യ ചെയ്തുവെന്നുമാണ് ഡിഡിഇ റിപ്പോർട്ടിലുളളത്. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളിൽ നിന്ന് സ്‌കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ടു വാങ്ങിയിരുന്നു.ആശിർനന്ദയുടെ മാതാപിതാക്കൾ, സ്‌കൂളിലെ സഹപാഠികൾ, അദ്ധ്യാപകർ എന്നിവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം സ്കൂളിൽ പുതുതായി ആരംഭിച്ച പിടിഎ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും.കഴിഞ്ഞ ബുധനാഴ്ചയാണ് 14കാരി ആശിർനന്ദയെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.സുഹൃത്തിന്റെ നോട്ട്‌ബുക്കിന്റെ പുറകിലാണ് ആശിർനന്ദ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നത്. തന്റെ ജീവിതം അദ്ധ്യാപകർ തകർത്തുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. അമ്പിളി, അർച്ചന എന്നീ അദ്ധ്യാപകരുടെ പേര് കുറിപ്പിൽ ഉണ്ടായിരുന്നു. സ്റ്റെല്ല ബാബു എന്ന അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞതായും സഹപാഠി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299226/kozhikod)