കൊറോണക്കാലത്ത് ചില്ലുകുപ്പികളിൽ പെയിൻറും നൂലും ഉപയോഗിച്ച് വൈവിധ്യമാർന്ന രൂപങ്ങൾ തീർക്കുകയാണ് മേഘസുരേഷും ,എം വി അഭിരാമിയും

By | Monday March 30th, 2020

SHARE NEWS

പഴയങ്ങാടി: ഏഴോം പഞ്ചായത്ത് നിവാസികളായ രണ്ടുപേർക്ക് ഈ കൊറോണക്കാലം വെറുതെയിരിക്കാനുള്ളതല്ല. ചില്ലുകുപ്പികളിൽ പെയിൻറും നൂലും ഉപയോഗിച്ച് വൈവിധ്യമാർന്ന രൂപങ്ങൾതീർത്ത് വിസ്മയം സൃഷ്ടിക്കുകയാണ് ഇവർ.

നരിക്കോട് ആലിനു സമീപത്തെ മേഘ സുരേഷും കോട്ടക്കീൽ കടവിനു സമീപത്തെ എം.വി.അഭിരാമിയുമാണ് പഴയ കുപ്പികളിലും പാഴ്‌വസ്തുക്കളിലും വർണവിസ്മയം തീർക്കുന്നത്.

ബിരുദപഠനവും അയാട്ടയിൽ പരിശീലനവും കഴിഞ്ഞതാണ് മേഘ സുരേഷ്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കല്ലുകൊണ്ട് മാലകളും മറ്റ് ആഭരണങ്ങളും ഉണ്ടാക്കിയാണ് തുടക്കംകുറിച്ചത്.

ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിച്ച് അതിൽ ഫാബ്രിക് പെയിൻറ് ഉപയോഗിച്ചാണ് പല തരത്തിലുള്ള രൂപങ്ങൾ വരക്കുന്നത്.

മുട്ടത്തോട്, പിസ്തയുടെ തോട്, ക്ലേ എന്നിവയിൽ ഫാബ്രിക് പെയിൻറ്, വൂളൻ നൂൽ, ഗ്ലിറ്റർ എന്നിവ ചേർത്താണ് മനോഹരമാക്കുന്നത്. പത്രക്കടലാസ് ചുരുട്ടി ഫ്രെയിം ചെയ്ത് പല ചിത്രങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

ചുമർചിത്രകലയിലും മേഘ കഴിവ് തെളിയിച്ചിട്ടുണ്ട്. നൃത്തം പഠിക്കുന്നതിനോടൊപ്പം, മറ്റൊരാളോടൊപ്പം ചേർന്ന് നൃത്ത വിദ്യാലയം നടത്തുന്നുമുണ്ട്.

അച്ഛൻ കാന്തലോട്ട് സുരേഷ് ചിത്രകാരനാണ്. അമ്മ പി.വസന്ത. ബിരുദ വിദ്യാർഥിയായ സഹോദരൻ അഭിനവ് നല്ലൊരു ചുമർചിത്രകാരനാണ്.

കഴിഞ്ഞ പ്രളയകാലത്ത് ഇതുപോലെ പാഴ് വസ്തുക്കൾ കൊണ്ട് നിർമിച്ച് കലാരൂപങ്ങൾ വിറ്റുകിട്ടിയ തുക മേഘ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.

കോട്ടക്കീലിലെ എം.വി.മനോജിന്റെയും രേഷ്മയുടെ മകളാണ് ഏഴാം ക്ലാസ്സുകാരിയായ എം.വി.അഭിരാമി. നെരുവമ്പ്രം അസീസി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയാണ്.

കൊറോണ കാരണം സ്കൂൾ നേരത്തെ പൂട്ടിയതോടെ കുപ്പികളിൽ ഫാബ്രിക് പെയിൻറുപയോഗിച്ച് വ്യത്യസ്ത രൂപങ്ങൾ വരച്ച് കഴിവുതെളിയിക്കുകയാണ് ഈ മിടുക്കി.

വിവിധ തരം നൂലുകൾ ഉപയോഗിച്ച് കലാരൂപങ്ങൾ ഒരുക്കുന്നുമുണ്ട്. സ്കിപ്പിങ്ങിൽ ജൂനിയർ വിഭാഗം സംസ്ഥാന ചാമ്പ്യൻ കൂടിയായ ഈ മിടുക്കി ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ടിയിരിക്കവേയാണ് കൊറോണയെന്ന മഹാവ്യാധിയിൽ രാജ്യം ലോക്ക് ഡൗണായിത്തീർന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read