കേളകം: തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ. പ്രതിസന്ധിയിൽ നെഞ്ചിടിപ്പോടെ കഴിയുകയാണ് റബർ കർഷകർ. മാസങ്ങളായി തുടരുന്ന കനത്ത മഴയിൽ റബർ മരങ്ങൾ വ്യാപകമായി ഇലപൊഴിഞ്ഞത് റബർ കർഷകരുടെ പ്രതീക്ഷക്ക് മേൽ കരിനിഴലായി.റബർ വില വീണ്ടും കുതിക്കുമ്പോഴാണ് കർഷകരുടെ മോഹങ്ങൾ കെടുത്തി ഇലകൊഴിച്ചിൽ വ്യാപിച്ചത്. മഴക്കാലത്തോടനുബന്ധിച്ച് മരുന്നു തളിച്ചതും, മരുന്ന് തളി നടത്താത്ത തോട്ടങ്ങളിലും ഇലപൊഴിയൽ വ്യാപകമായുണ്ട്.
ഇത് ടാപ്പിംഗ് കാലത്തെ ഉൽപ്പാദനം ഗണ്യമായി കുറയാൻ കാരണമാകും. പ്രതീക്ഷയോടെ കഴിയുന്ന റബർ കർഷകർക്ക് റബർ മരങ്ങളുടെ ഇല പൊഴിച്ചിൽ കൂനിന്മേൽ കുരുപോലെയായി.വലിപ്പച്ചെറുപ്പമില്ലാതെ മരങ്ങളിൽ ഇലപൊഴിച്ചിലിനൊപ്പം ചീക്ക് രോഗവും പടർന്നിട്ടുണ്ട്.ഇതിന് പ്രതിവിധിയുണ്ടാവണമെങ്കാൻ മഴക്ക് ശമനമായി മരുന്ന് തളിയും അനിവാര്യമായി. സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയ റബർ കർഷകർക്ക് റബർ ഇലകൊഴിച്ചിൽ മൂലം വരാനിരിക്കന്നത് മോഹഭംഗത്തിൻ്റെ കാലം കൂടിയാണ്. റബറിന് പുറമെ കൊക്കോ, ജാതി, കൂടാതെ ഫലവൃക്ഷങ്ങളിലും ഇലപൊഴിച്ചിൽ വ്യാപകമായിട്ടുണ്ട്

Kelakam