---
title: "പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു"
english_title: "Panakkad hydarali sihab"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30206/panakkad-hydarali-sihab"
published_at: "2022-03-07T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225622446bad_n3657225561646617064597cd5ee93893aa5f277b636df4883a5b9a1846575ec811cdfc3c24d8d261b93126.jpg"
keywords: []
---

# പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു

> **Lead Summary:** മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു.

## Article Content

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു.

പാണക്കാട് ജുമാ മസ്ജിദില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് ഖബറടക്കം നടത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം.

പാതിരാത്രിയിലും തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട്, പുലര്‍ച്ചെ ഒരു മണിയോടെ ശരീരം മറവ് ചെയ്യുമെന്ന് പാണക്കാട് കുടുംബം അറിയിക്കുകയായിരുന്നു. ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് അറിയിച്ചത്. എങ്കിലും അവസാന നിമിഷം എത്തിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യവും അനിയന്ത്രിതമായ തിരക്കും കാരണം ഖബറടക്കം രണ്ട് മണിക്ക് ശേഷമാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങി പ്രമുഖരടക്കം ആയിരങ്ങള്‍ പാണക്കാട് തങ്ങള്‍ക്ക് അന്തോപചാരം അര്‍പ്പിച്ചു.

അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 12.40 ഓടെയായിരുന്നു അന്ത്യം. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അതിന് ശേഷം മൂന്നു മണിയോട് കൂടി മലപ്പുറത്ത് എത്തിച്ചു. ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങള്‍ക്ക് മാത്രമാണ് ഇവിടെ ആദരമര്‍പ്പിക്കാന്‍ സജ്ജീകരണമൊരുക്കിയിരുന്നത്. പിന്നീട് ടൗണ്‍ ഹാളില്‍ എത്തിച്ചു. വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30206/panakkad-hydarali-sihab)