---
title: "അന്താരാഷ്ട്ര വനിതാ ദിനം : സംസ്ഥാനതല ഉദ്ഘാടനം നാളെ"
english_title: "Womens day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30270/womens-day"
published_at: "2022-03-07T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225b10487db6_Screenshot_20220307_122858.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാ ദിനം : സംസ്ഥാനതല ഉദ്ഘാടനം നാളെ

> **Lead Summary:** തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.

## Article Content

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.

> സ്ത്രീധനത്തിനെതിരായുള്ള പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ ‘വിവാഹ പൂർവ കൗൺസലിങ്‌’ പദ്ധതി ഉദ്‌ഘാടനം ചെയ്യും.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി “അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം’ പ്രകാശിപ്പിക്കും.

> ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അട്ടപ്പാടിയിലെ “പെൻട്രിക കൂട്ട’ പദ്ധതിയുടെ പ്രഖ്യാപനം നടത്തും. മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി “ധീര’ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും.”നല്ലൊരു നാളേക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വർഷത്തെ സന്ദേശം.

സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 2021ലെ വനിതാരത്‌ന പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും.

ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷ്‌മി, ഡോ. സുനിത കൃഷ്ണൻ, ഡോ. യു.പി.വി. സുധ എന്നിവരാണ് പുരസ്‌കാരം നേടിയത്. സ്തുത്യർഹമായ സേവനം കാഴ്ചവച്ച സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ, കലക്ടർ എന്നിവർക്കുള്ള പുരസ്കാരവും വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30270/womens-day)