---
title: "വളർത്തു പുലികളെ ഉപേക്ഷിക്കാൻ വയ്യ: യുക്രെയിൻ വിടാൻ വിസമ്മതിച്ച്  ഇന്ത്യൻ ഡോക്ടർ    "
english_title: "You can't give up tigers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30320/You-can't-give-up-tigers"
published_at: "2022-03-07T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225e86e4817c_Screenshot_20220307_160242.jpg"
keywords: []
---

# വളർത്തു പുലികളെ ഉപേക്ഷിക്കാൻ വയ്യ: യുക്രെയിൻ വിടാൻ വിസമ്മതിച്ച്  ഇന്ത്യൻ ഡോക്ടർ    

> **Lead Summary:** കിയവ്: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രെയ്നില്‍ വളര്‍ത്ത് നായ് സൈറക്കൊപ്പം കുടുങ്ങിയ മലയാളിയായ ആ​ര്യയുടെ കഥ നാമെല്ലാം വായിച്ചതാണ് കഴിഞ്ഞ ദിവസംആര്യയും സൈറയും സുരക്ഷിതമായി വീട്ടിലെത്തിയിരുന്നു.

## Article Content

കിയവ്: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രെയ്നില്‍ വളര്‍ത്ത് നായ് സൈറക്കൊപ്പം കുടുങ്ങിയ മലയാളിയായ ആ​ര്യയുടെ കഥ നാമെല്ലാം വായിച്ചതാണ് കഴിഞ്ഞ ദിവസംആര്യയും സൈറയും സുരക്ഷിതമായി വീട്ടിലെത്തിയിരുന്നു.

ഇതേ പോലെ യുക്രെയ്നിലെ യുദ്ധഭൂമിയില്‍ ത​ന്റെ  വളര്‍ത്തു മൃഗങ്ങളുമായി കുടുങ്ങിക്കിടക്കുകയാണ് ഡോ. ഗിരികുമാര്‍ പാട്ടീല്‍. എന്നാല്‍ പൂച്ചയോ നായോ അല്ല ഗിരികുമാറിന്റെ വളര്‍ത്തുമൃഗങ്ങള്‍.

രണ്ട് പുലികളുമായാണ് ഡോണ്‍ബാസിലെ സെവറോഡോനെസ്കിലെ വീടിന് സമീപത്തെ ബങ്കറില്‍ ഗിരികുമാര്‍ കഴിയുന്നത്. പ്രദേശം വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്. സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന സാഹചര്യത്തിലും മൃഗങ്ങളെ ഉപേക്ഷിച്ചുപോരാന്‍ ഡോക്ടര്‍ പാട്ടീല്‍ തയാറല്ല.

'എന്റെ ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ ഒരിക്കലും എന്റെ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കില്ല. എന്റെ വീട്ടുകാര്‍ തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അത് രണ്ടും എന്റെ കുട്ടികളാണ്. എന്റെ അവസാന ശ്വാസം വരെ ഞാന്‍ അവരോടൊപ്പം നില്‍ക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യും'.

ഡോ.പാട്ടീല്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. 2007യിലാണ് മെഡിക്കല്‍ പഠനത്തിനായി ഡോ. പാട്ടീല്‍ യുക്രെയ്നിലേക്ക് പോയത്. പിന്നീട് ഡോണ്‍ബാസില്‍ സ്ഥിരതാമസമാക്കി. പിന്നീട് അദ്ദേഹം പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിപ്പിച്ചു.

ഒരു പ്രാദേശിക മൃഗശാലയില്‍ നിന്നാണ് അവശനും അനാഥനുമായ പുള്ളിപ്പുലിയെ അധികാരികളുടെ അനുമതിയോടെ പാട്ടീല്‍ ദത്തെടുത്തത്. അതിന് യാഷ എന്ന് പേരിട്ടു. രണ്ട് മാസം മുമ്ബാണ് യാഷക്ക് ഇണയായി കരിമ്ബുലിയായ സബ്രീനയെ കൊണ്ടുവന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം പാട്ടീല്‍ തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ വേണ്ടി മാത്രമാണ് ബങ്കറില്‍ നിന്ന് പുറത്തിറങ്ങിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ആണ്‍പുലിക്ക് 20 മാസവും പെണ്‍പുലിക്ക് ആറ് മാസവുമാണ് പ്രായം. 'പുലിക്കുട്ടികള്‍ എന്നോടൊപ്പമാണ് ബേസ്‌മെന്റില്‍കഴിയുന്നത്. ഞങ്ങള്‍ക്ക് ചുറ്റും ബോംബാക്രമണങ്ങള്‍ നടക്കുന്നത് കേട്ട് അവ ഭയക്കുന്നു. അവര്‍ ഭക്ഷണം കഴിക്കുന്നത് നന്നേ കുറവാണ്. എനിക്ക് അവരെ ഉപേക്ഷിക്കാന്‍ കഴിയില്ല' 40-കാരന്‍ പറഞ്ഞു. പുലികളെ കൂടാതെ ഡോ. പാട്ടീലിന് മൂന്ന് നായ്ക്കളുമുണ്ട്.

ഇറ്റാലിയന്‍ മാസ്റ്റിഫ് ഇനത്തില്‍ പെട്ട നായ്ക്കുട്ടികള്‍ക്കായി തന്റെ യൂട്യൂബ് ചാനലിലൂടെ ഫണ്ട് ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയാണ് ഡോ പാട്ടീല്‍. തന്റെ എല്ലാ വളര്‍ത്തുമൃഗങ്ങളെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30320/You-can't-give-up-tigers)