---
title: "ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പൂട്ടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഗിൾ പേ ചലഞ്ച് ഏറ്റെടുത്ത് ജനം"
english_title: "Google Pay Challenge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30474/Google-Pay-Challenge"
published_at: "2022-03-08T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62270b4134638_Screenshot_20220308_125953.jpg"
keywords: []
---

# ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പൂട്ടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഗിൾ പേ ചലഞ്ച് ഏറ്റെടുത്ത് ജനം

> **Lead Summary:** ഇരിട്ടി : മേഖലയിലെ വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പൂട്ടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഗിൾ പേ ചലഞ്ച് ഏറ്റെടുത്ത് ജനം. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് സംഘാടകർ.

## Article Content

ഇരിട്ടി : മേഖലയിലെ വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പൂട്ടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഗിൾ പേ ചലഞ്ച് ഏറ്റെടുത്ത് ജനം. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് സംഘാടകർ.

ഇരിട്ടി മഹാത്മാ കോളജ് 1990 ബാച്ച് പ്രീഡിഗ്രി പൂർവ വിദ്യാർഥി കൂട്ടായ്മ 50000 രൂപയും ഇരിട്ടി ഹൈസ്കൂൾ 1989 എസ്.എസ്.എൽ.സി പൂർവ വിദ്യാർഥി കൂട്ടായ്മ 55000 രൂപയും ഉദ്ഘാടന വേദിയിൽ കൈമാറി. ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി 1 ലക്ഷം രൂപയുടെ വാഗ്ദാനം നൽകി. ഇരിട്ടി നഗരസഭ ടൗൺ കൗൺസിലർ വി.പി. അബ്ദുൽ റഷീദ് 1 മാസത്തെ അലവൻസും കൈമാറി.

നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്തുന്ന താലൂക്ക് ആശുപത്രി സെന്ററിന്റെ പ്രവർത്തനം തടസ്സം ഇല്ലാതെ തുടരുന്നതിന് സുമനസ്സുകളിൽ നിന്ന് സഹായം സ്വരൂപിക്കാനാണ് ഗൂഗിൾ പേ ചലഞ്ച് സംഘടിപ്പിച്ചത്. ക്യു.ആർ. കോഡ് സ്കാനറും ആയി നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടെയും കനിവ് കിഡ്നി വെൽഫെയർ സൊസൈറ്റിയുടെയും പ്രവർത്തകർ സാധാരണക്കാരെ ഉൾപ്പെടെ സമീപിച്ചാണ് സഹായം തേടുന്നത്.

തങ്ങൾക്കാവുന്ന സഹായം നൽകി നിരവധി പേരാണ് ജീവകാരുണ്യ ദൗത്യത്തിൽ പങ്കു ചേർന്നത്. 1 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കണ്ണൂർ അഡീഷനൽ എസ്.പി. പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, തഹസിൽദാർ സി.വി.

പ്രകാശൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. സുരേഷ്, കെ. സോയ, എ.കെ. രവീന്ദ്രൻ, കൗൺസിലർമാരായ വി.പി. റഷീദ്, എ.കെ. ഷൈജു, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, കെ.വി. സക്കീർ ഹുസൈൻ, ഇബ്രാഹിം മുണ്ടേരി, അയൂബ്‌ പൊയിലൻ, തോമസ് വർഗീസ്, ജോസഫ് വർഗീസ്, എം.അസൂട്ടി, സന്തോഷ് കൊയിറ്റി, കെ. സുരേഷ് ബാബു, കെ.എസ്. ജോയ്, അജയൻ പായം, പി. അശോകൻ എന്നിവർ പ്രസംഗിച്ചു.

10 ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ള യൂണിറ്റിൽ ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. ഇതിന് മാത്രം വർഷം 30 ലക്ഷം രൂപ വേണം. ഈ തുക സമാഹരിക്കുന്നതിന് ഒപ്പം മറ്റു 2 ഷിഫ്റ്റുകൾ കൂടി പ്രവർത്തിപ്പിക്കാൻ കൂടിയാണ് 1 കോടി രൂപ സമാഹരിക്കുന്നത്. മേഖലയിലെ നിരവധി വൃക്കരോഗികൾ ഡയാലിസിസിനു പേരു റജിസ്റ്റർ ചെയ്ത് കാത്ത് കഴിയുന്നുണ്ട്. ഇന്നു മുതൽ നഗരസഭയിൽ വാർഡുതലത്തിലും തുടർന്ന് ആശുപത്രി പരിധിയിലെ 6 പഞ്ചായത്തുകളിലും ഗൂഗിൾ പേ ചാലഞ്ച് നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30474/Google-Pay-Challenge)