---
title: "ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും"
english_title: "Dileep case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30591/dileep-case"
published_at: "2022-03-09T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62280f7676ddd_images (8).jpeg"
keywords: []
---

# ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

## Article Content

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്‍റെ വാദം. പൊലീസുകാര്‍ വാദികളായ കേസില്‍ അന്വേഷണം നീതിയുക്തമായി നടക്കില്ല.

കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഹരജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു. ദിലീപ് ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പടെയുളള തെളിവുകള്‍ നശിപ്പിച്ചെന്ന് ചൂണ്ടി കാട്ടി സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി നല്‍കാന്‍ ദിലീപ് ഇന്ന് കോടതിയില്‍ സമയം ആവശ്യപ്പെടും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കി ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാരോപിച്ചാണ് എട്ടാം പ്രതിയായ നടന്‍ ദിലീപ് ഹരജി നല്‍കിയത്. ഏതുകേസിലും ഏതു സമയത്തും പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ പുനരന്വേഷണമോ തുടരന്വേഷമോ നടത്താന്‍ പ്രോസിക്യൂഷന് അവകാശമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം .സംവിധായകന്‍ ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണെന്നും പരിശോധന വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ അറിയിച്ചത്. തെളിവുകളുടെ ആധികാരികതയും ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ വിശ്വാസതയും ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്നും എന്നാല്‍ കേസില്‍ അന്വോഷണം തുടരാമെന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചത്. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് തുടരന്വേഷണമെന്നും അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് ആരോപിച്ചിരുന്നു.

എന്നാല്‍ കേസില്‍ തുടരന്വേഷണം തടയരുതെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ബാലചന്ദ്ര കുമാറിന്‍റെ ആരോപണങ്ങള്‍ തെറ്റാണന്ന് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ തുടരന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് നടി കോടതിയില്‍ ചോദിച്ചിരുന്നു. അന്വേഷണം നടക്കണമെന്നും സത്യം പുറത്തു വരണമെന്നുമായിരുന്നു നടിയുടെ ആവശ്യം. നടിയുടെ കൂടെ ആവശ്യം പരിഗണിച്ചാണ് തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30591/dileep-case)