---
title: "ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു."
english_title: "Focus area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30599/focus-area"
published_at: "2022-03-09T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622815f396413_images (10).jpeg"
keywords: []
---

# ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

> **Lead Summary:** തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

## Article Content

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളോടെ ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പരീക്ഷ രീതി നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടുമുതല്‍ 18 വരെയാണ് പ്ലസ് വണ്‍ പരീക്ഷ. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ അനിശ്ചിതത്വം നിലനിന്നിരുന്നു. ചൊവ്വാഴ്ച പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ സഹിതമുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നാലെയാണ് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്.

കോവിഡ് വ്യാപനം കാരണം 2021ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കാണ് ആദ്യം ഫോക്കസ് ഏരിയ നിശ്ചയിച്ച്‌ പരീക്ഷ നടത്തിയത്. പിന്നാലെ പ്ലസ് വണ്‍ പരീക്ഷക്കും ഫോക്കസ് ഏരിയ നിശ്ചയിച്ചു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ട്. 60 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. ഇതില്‍ നിന്ന് പരീക്ഷക്ക് 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യം ഉറപ്പാക്കുന്ന രീതിയിലാണ് ചോദ്യപേപ്പര്‍ ഘടന. കഴിഞ്ഞവര്‍ഷം ഫോക്കസ് ഏരിയ നിശ്ചയിച്ചതുകാരണം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസുകാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചത് പ്ലസ് വണ്‍, ബിരുദ പ്രവേശനങ്ങളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം കോവിഡ് രണ്ട്, മൂന്ന് തരംഗങ്ങളില്‍ അധ്യയനം മുടങ്ങിയ സാഹചര്യം പരിഗണിച്ചാണ് പാഠഭാഗങ്ങളുടെ ശതമാനം ഉയര്‍ത്തി ഫോക്കസ് ഏരിയ നിശ്ചയിച്ചത്. ഇതിന് പുറമെ ഫോക്കസ് ഏരിയ മാത്രം പഠിച്ചാല്‍ എ പ്ലസ് ലഭിക്കുന്ന രീതിയും അവസാനിപ്പിച്ചു. പിന്നാലെ ജൂണില്‍ വരുന്ന പ്ലസ് വണ്‍ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്നും തീരുമാനിച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ പാഠഭാഗങ്ങള്‍ പൂര്‍ണമായും പഠിക്കേണ്ടിവരും.

ഫോക്കസ് ഏരിയ സമ്ബ്രദായം നടപ്പാക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് എസ്.സി.ഇ.ആര്‍.ടി നേരത്തെ തന്നെ കരട് തയാറാക്കിയിരുന്നു. പാഠഭാഗങ്ങള്‍ പൂര്‍ണമായും പഠിക്കുന്ന സാഹചര്യം ഇല്ലാതായതോടെ കഴിഞ്ഞ നീറ്റ് -യു.ജി, ജെ.ഇ.ഇ തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകളില്‍ മുന്‍നിര റാങ്കില്‍ എത്തിയവരുടെ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം വന്‍തോതില്‍ കുറയുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30599/focus-area)