---
title: "സൗഹൃദം മഹാവൃക്ഷമായി വളരട്ടെ; ജില്ലയിൽ ആഗസ്റ്റ് നാലിന് ഒന്നരലക്ഷം തൈകൾ നടും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306343/kannur"
published_at: "2025-08-04T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689035b953713_Screenshot_2025-08-04_095237.jpg"
keywords: []
---

# സൗഹൃദം മഹാവൃക്ഷമായി വളരട്ടെ; ജില്ലയിൽ ആഗസ്റ്റ് നാലിന് ഒന്നരലക്ഷം തൈകൾ നടും

> **Lead Summary:** കണ്ണൂർ :ചങ്ങാതിക്കായി ഒരുതൈ നട്ട് ആ സൗഹൃദത്തെ ഒരു മഹാവൃക്ഷമാക്കി മാറ്റിയാൽ അതൊരു പുതിയ അനുഭവമാകും. ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് നാലിന് ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒന്നരലക്ഷം തൈകൾ ചങ്ങാതിമാരുടെ പേരിൽ കൈമാറുകയും നട്ട് പിടിപ്പിക്കുകയും ചെയ്യും. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഹരിത കേരളം മിഷനും തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

## Article Content

കണ്ണൂർ :ചങ്ങാതിക്കായി ഒരുതൈ നട്ട് ആ സൗഹൃദത്തെ ഒരു മഹാവൃക്ഷമാക്കി മാറ്റിയാൽ അതൊരു പുതിയ അനുഭവമാകും. ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് നാലിന് ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒന്നരലക്ഷം തൈകൾ ചങ്ങാതിമാരുടെ പേരിൽ കൈമാറുകയും നട്ട് പിടിപ്പിക്കുകയും ചെയ്യും. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഹരിത കേരളം മിഷനും തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജ് എൻ എസ് എസ് വിഭാഗം ഉൽപാദിപ്പിച്ച വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും.

ജില്ലയിൽ എല്ലാ ബ്ലോക്ക് തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും തൈ കൈമാറ്റത്തിന്റെ ഉദ്ഘാടനം നടക്കും. സൗഹൃദ ദിനത്തിലോ അനുബന്ധ ദിവസങ്ങളിലോ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ സ്‌കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ക്യാമ്പയിനിന്റെ ജില്ലാതല നടീൽ ഉദ്ഘാടനം ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണിക്ക് പിലാത്തറ കോ- ഓപ്പറേറ്റീവ് കോളേജിൽ സിനിമാ താരം കെ.യു മനോജ് നിർവ്വഹിക്കും. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ അധ്യക്ഷത വഹിക്കും. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും അന്ന് തൈകൾ നടും. പുതിയ നിരവധി പച്ചത്തുരുത്തുകൾക്കും അന്ന് തുടക്കം കുറിക്കും. 2025 സെപ്റ്റംബർ 30 നകം ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം ക്യാമ്പയിൻ ജില്ലയിൽ പുരോഗമിക്കുകയാണ്. ഇതിനകം 2,48,545 വൃക്ഷ തൈകൾ ജില്ലയിൽ നട്ടുകഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306343/kannur)