---
title: "കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ സംരക്ഷണഭിത്തികൾ വർണ്ണാഭമാകുന്നു"
english_title: "The retaining walls are colored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30679/The-retaining-walls-are-colored"
published_at: "2022-03-09T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228782fcf417_Picsart_22-03-09_15-18-29-314.jpg"
keywords: []
---

# കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ സംരക്ഷണഭിത്തികൾ വർണ്ണാഭമാകുന്നു

> **Lead Summary:** കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ സംരക്ഷണഭിത്തികൾ വർണ്ണാഭമാകുന്നു. പുകയില ഉപയോഗത്തിനെതിരായ സന്ദേശമാണ് ചുമർചിത്രങ്ങളായി രൂപപ്പെട്ടിട്ടുള്ളത്.

## Article Content

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ സംരക്ഷണഭിത്തികൾ വർണ്ണാഭമാകുന്നു. പുകയില ഉപയോഗത്തിനെതിരായ സന്ദേശമാണ് ചുമർചിത്രങ്ങളായി രൂപപ്പെട്ടിട്ടുള്ളത്.

ദിവസവും ആതുരാലയത്തിൽ എത്തിച്ചേരുന്ന നൂറ് കണക്കിന് ആളുകളെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായാണ് താലൂക്ക് ആശുപത്രി മതിലിൽ ചിത്രങ്ങൾ വരച്ചിട്ടുള്ളത്.

പുകയില ഉപയോഗത്തിനെതിരായ സന്ദേശമാണ് ചുമർചിത്രങ്ങളായി രൂപാന്തരം പ്രാപിച്ചിട്ടുള്ളത്. കാൻസർ ഉൾപ്പെടെയുള്ള പുകയില ജന്യമായ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ചുമർചിത്ര രചന.

നാഷണൽ ഹെൽത്ത് മിഷ്യൻ്റെ നിർദ്ദേശപ്രകാരമാണ് പുകയില വിരുദ്ധ സദ്ദേശം ചുവരിൽ വരച്ചിട്ടുള്ളത്. അക്രിലിക് കളറിലാണ് ചിത്രരചന. സുകേഷ് ബാലയുടെ നേതൃത്വത്തിൽ ബെൽ ഒ കെയറിലെ കലാകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്.

ഇന്നത്തോടെ ചിത്രരചന പൂർത്തിയാകുമെന്ന് സുകേഷ് ബാല പറഞ്ഞു. വൈശാഖ്, സി എസ് വിഷ്ണു, ജിബിൻ, ആധിത്ത്, ആഷിഖ് എന്നിവരാണ് ചിത്രരചനക്ക് പിന്നിലുള്ളത്.

ചിത്രരചന പൂർത്തിയാകുന്നതോടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തുന്നവരുടെ പ്രധാന ആകർഷങ്ങളിലൊന്നായി ചുമർചിത്രങ്ങൾ മാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30679/The-retaining-walls-are-colored)