---
title: "കേളകത്തെ ശലഭ വൈവിധ്യങ്ങളുടെ നേർ പകർപ്പായി -ഓക്കില:പൂമ്പാറ്റകളെ ആസ്പദമാക്കി പഠനഗ്രന്ഥം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307748/kelakam"
published_at: "2025-08-11T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68997326836b1_IMG-20250811-WA0006.jpg"
keywords: []
---

# കേളകത്തെ ശലഭ വൈവിധ്യങ്ങളുടെ നേർ പകർപ്പായി -ഓക്കില:പൂമ്പാറ്റകളെ ആസ്പദമാക്കി പഠനഗ്രന്ഥം

> **Lead Summary:** കേളകം : കേളകം ഗ്രാമപഞ്ചായത്തിൻ്റെയും സംസ്ഥാന ഹരിതകേരളം മിഷൻ്റെയും ആഭിമുഖ്യത്തിൽ ഓക്കില എന്ന പേരിൽ കേളകത്തെ പൂമ്പാറ്റകളെ ആസ്പദമാക്കി പഠനഗ്രന്ഥം തയ്യാറാക്കുന്നു.

## Article Content

കേളകം : കേളകം ഗ്രാമപഞ്ചായത്തിൻ്റെയും സംസ്ഥാന ഹരിതകേരളം മിഷൻ്റെയും ആഭിമുഖ്യത്തിൽ ഓക്കില എന്ന പേരിൽ കേളകത്തെ പൂമ്പാറ്റകളെ ആസ്പദമാക്കി പഠനഗ്രന്ഥം തയ്യാറാക്കുന്നു.

കേരളത്തിൽ നാളിതുവരെ കണ്ടെത്തിയ 327 ചിത്രശലഭങ്ങളുടെ അമ്പത് ശതമാനവും ഈ കൊച്ചു പഞ്ചായത്തിൽ നിന്നും പരിസ്ഥിതി പ്രവർത്തകനായ നിഷാദ് മണത്തണയും, സഹപ്രവർത്തകനായ വിമൽകുമാറും ചേർന്ന് രേഖപെടുത്തി. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ചിത്രശലഭസങ്കേതത്തിന്റെ സാമിപ്യം കേളകത്തെ ശലഭ വൈവിദ്ധ്യത്തിന് നിദാനമെന്ന് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ പ്രശസ്തനായ ശാസ്ത്രജ്ഞനും പക്ഷി - ചിത്രശലഭ രീക്ഷകനുമായ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് കുറിച്ചു.

കേളകം ശലഭഗ്രാമമായി പ്രഖ്യാപിക്കാനുള്ള ആദ്യ പടിയാവുന്നതാണ് ഈ സംരഭം.ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കാം ഒരു പഞ്ചായത്തിലെ ചിത്രശലഭ വൈവിദ്ധ്യത്തിൻ്റെ സചിത്ര പുസ്‌തകമിറക്കുന്നതെന്ന് ജാഫർ പാലോട്ട് കുട്ടിച്ചേർത്തു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ നിഷാദ് മണത്തണ പകർത്തിയ 164 ഇനം ചിത്രശലഭങ്ങളാണ് ഈ പുസ്‌തകത്തിലൂടെ പരിചയപെടുത്തുന്നത്.

> പരിസ്ഥിതി പ്രവർത്തനവും ഫോട്ടോഗ്രാഫിയുമിഷ്ടപ്പെട്ട നിഷാദ് മണത്തണയുടെ ഒരു വർഷത്തെ കഠിന പരിശ്രമത്തിൻ്റെ ഫലമായാണ് 164 ഇനം ശലഭ വൈവിധ്യങ്ങളെ സ്വന്തം കാമറക്കണ്ണിൽ കണ്ട് ക്ലിക് ചെയ്തത്. പുഴയോരങ്ങളും ,മലമടക്കുകളും, കൈവഴികളും, പാടവരമ്പുകളിലും കയറിയിറങ്ങി പകർത്തിയ ചിത്രങ്ങളുടെ വർണപുസ്തകം തയ്യാറാക്കുന്നത് കേളകം പഞ്ചായത്താണ്. പൂമ്പാറ്റകൾക്കൊപ്പമുള്ള സഞ്ചാരത്തിനിടെയാണ് വിത്യസ്തമായ ഒരു ആശയം രൂപപെടുന്നെന്നും , ബാവലി പുഴയും ചീങ്കണ്ണിപ്പുഴയും തെളിഞ്ഞൊഴുകുന്ന പ്രകൃതി രമണീയമായ കേളകം പഞ്ചായത്തിലെ പൂമ്പാറ്റകളെ പകർത്തി പുസ്തകമാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിൻ്റെയും, ഭരണസമിതിയുടെയും, ഹരിതകേരളം മിഷന്റെയും പിന്തുണയും, പൂമ്പാറ്റ നിരീക്ഷകൻ വിമൽ കുമാർ കൂടി ഒപ്പം ചേർന്നതോടെ "ഓക്കില" ക്ക് രൂപം കൊടുത്തുവെന്നും നിഷാദ് മണത്തണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307748/kelakam)