---
title: " സ്ത്രീധന പരാതികള്‍ ഇനി ഒറ്റ ക്ലിക്കില്‍ സമര്‍പ്പിക്കാം"
english_title: "Dowry complaints"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31005/dowry-complaints"
published_at: "2022-03-11T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622abbc1203f7_images (8).jpeg"
keywords: []
---

#  സ്ത്രീധന പരാതികള്‍ ഇനി ഒറ്റ ക്ലിക്കില്‍ സമര്‍പ്പിക്കാം

> **Lead Summary:** തിരുവനന്തപുരം :സ്ത്രീധന പരാതികള്‍ ഇനി ഒറ്റ ക്ലിക്കില്‍ സമര്‍പ്പിക്കാം. വനിതാ ശിശുവികസനവകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഈ സൗകര്യമൊരുക്കിയത്.

## Article Content

തിരുവനന്തപുരം :സ്ത്രീധന പരാതികള്‍ ഇനി ഒറ്റ ക്ലിക്കില്‍ സമര്‍പ്പിക്കാം. വനിതാ ശിശുവികസനവകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഈ സൗകര്യമൊരുക്കിയത്.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രി പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി പരാതി നല്‍കാനും നടപടിയെടുക്കാനും ഇതിലൂടെ സാധിക്കും. വിവരങ്ങള്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കും. അപേക്ഷ ലഭിച്ച്‌ മൂന്ന് പ്രവൃത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫീസറുടെ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടും. സംസ്ഥാനത്ത് സ്ത്രീധനം തുടച്ചുമാറ്റാന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫോണ്‍: 0471 2346838.

ആവശ്യമെങ്കില്‍  നിയമസഹായം ലഭിക്കുന്ന പരാതികള്‍ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥര്‍ക്ക് (ജില്ലാ ശിശുവികസന പദ്ധതി ഓഫീസര്‍) കൈമാറും. അന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും. ആവശ്യമെങ്കില്‍ പൊലീസ് സഹായവും നിയമസഹായവും നല്‍കും.

പരാതി ആര്‍ക്കൊക്കെ നല്‍കാം:

വരനോ അച്ഛനമ്മമാര്‍ക്കോ ബന്ധുക്കള്‍ക്കോ വധുവിന്റെ കുടുംബം സ്ത്രീധനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാലാണ് പരാതി നല്‍കേണ്ടത്.

സ്ത്രീധന ദുരിതബാധിതരായ സ്ത്രീകള്‍, അച്ഛനമ്മമാര്‍, ബന്ധുക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പരാതി നല്‍കാം.

പരാതി നല്‍കേണ്ടത് ഇങ്ങനെ

> ● wcd.kerala.gov.in/dowry എന്ന ലിങ്കില്‍ "പരാതി സമര്‍പ്പിക്കുക' ഓപ്ഷനില്‍ ക്ലിക് ചെയ്യുക

● മൊബൈല്‍ നമ്ബര്‍ നല്‍കി ഒടിപി കൊടുക്കുക

● വിവരം നല്‍കുന്നയാളിന്റെ പേര്, ഇ–- മെയില്‍ ഐഡി എന്നിവ നല്‍കണം

● ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങള്‍, സംഭവം നടന്ന സ്ഥലം, മേല്‍വിലാസം, പരാതിയുടെ സ്വഭാവം, സ്ത്രീധനമായി ആവശ്യപ്പെട്ടത് എന്താണ്, ബന്ധപ്പെടേണ്ട നമ്ബര്‍, ഇ–- മെയില്‍ വിലാസം എന്നിവ നല്‍കണം

● പരാതി മുമ്ബ് വേറെ എവിടെയെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം

● രേഖകള്‍ അപ്ലോഡ് ചെയ്തശേഷം സെക്യൂരിറ്റി കോഡ് നല്‍കി സബ്മിറ്റ് ചെയ്യാം

● പരാതി രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ എസ്‌എംഎസ് അറിയിപ്പ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31005/dowry-complaints)