---
title: "പ്രതീക്ഷകൾ നെയ്ത് പയ്യന്നൂർ ഖാദി"
english_title: "Payyannur khadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31115/payyannur-khadi"
published_at: "2022-03-11T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b36c814930_khadi.png"
keywords: []
---

# പ്രതീക്ഷകൾ നെയ്ത് പയ്യന്നൂർ ഖാദി

> **Lead Summary:** പ്രതീക്ഷകളുടെ നൂലിഴകൾ നെയ്ത് പയ്യന്നൂരിലെ ഖാദിത്തൊഴിലാളികളുടെ ജീവിതം ഇഴയടുപ്പിക്കുകയാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ഖാദിഗ്രാമവ്യവസായ ബോർഡ് ഖാദിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ബ്ലോക്ക് പഞ്ചായത്ത്.

## Article Content

പ്രതീക്ഷകളുടെ നൂലിഴകൾ നെയ്ത് പയ്യന്നൂരിലെ ഖാദിത്തൊഴിലാളികളുടെ ജീവിതം ഇഴയടുപ്പിക്കുകയാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ഖാദിഗ്രാമവ്യവസായ ബോർഡ് ഖാദിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ബ്ലോക്ക് പഞ്ചായത്ത്.

ഖാദി ഉൽപാദന യൂണിറ്റുകളുടെ വികസനത്തിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. പശ്ചാത്തല സൗകര്യ വികസനം, ഭൂരിഭാഗം വരുന്ന സ്ത്രീ തൊഴിലാളികളുടെ ഉന്നമനം എന്നിവക്കായി 17 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 2.37 ലക്ഷം രൂപ ചെലവിൽ ഉൽപാദന യൂണിറ്റുകൾക്കുള്ള ചർക്കകളും തറികളും നൽകും. ഖാദി യൂണിറ്റുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തുടങ്ങിക്കഴിഞ്ഞു. അറ്റകുറ്റപ്പണികൾ നടത്താനാവാതെ നാശത്തിന്റെ വക്കിലായ യൂണിറ്റുകളെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മഴക്കാലങ്ങളിലും നൂല് ഉണക്കാൻ ഷെഡുകൾ നിർമിക്കും. യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ, ശുചിത്വം, കുടിവെള്ളം, വൈദ്യുതി എന്നിവയും ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല പറഞ്ഞു.

ഖാദി ഉൽപന്നങ്ങളുടെ പ്രചാരണവും വിപണനവും ലക്ഷ്യമിട്ട്് ഖാദിക്ക് ഒരു കൈത്താങ്ങ് ക്യാമ്പയിനും പയ്യന്നൂർ ബ്ലോക്കിൽ നടപ്പാക്കുന്നുണ്ട്. പരമ്പരാഗത മേഖലയായ ഖാദിയെ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്ര പദ്ധതിയാണ് ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31115/payyannur-khadi)