---
title: "അനര്‍ഹരാണെങ്കില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍  സ്വമേധയാ സറണ്ടര്‍ ചെയ്യണം; മന്ത്രി ജി ആർ അനിൽ"
english_title: "Ration card surrender"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31588/ration-card-surrender"
published_at: "2022-03-14T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622eb4ecc8766_images (5).jpeg"
keywords: []
---

# അനര്‍ഹരാണെങ്കില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍  സ്വമേധയാ സറണ്ടര്‍ ചെയ്യണം; മന്ത്രി ജി ആർ അനിൽ

> **Lead Summary:** തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അവ സ്വമേധയാ സറണ്ടര്‍ ചെയ്യാനുള്ള സമയപരിധി ഈ മാസം 31നു അവസാനിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍.

## Article Content

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അവ സ്വമേധയാ സറണ്ടര്‍ ചെയ്യാനുള്ള സമയപരിധി ഈ മാസം 31നു അവസാനിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍.

ഏപ്രില്‍ മുതല്‍ ഇത്തരക്കാ‍ര്‍ക്കു പിഴയും ശിക്ഷയും ചുമത്തുമെന്നും അറിയിച്ചു. അനര്‍ഹമായി കൈവശം വച്ചിരുന്ന 1,69,291 കാര്‍ഡുകള്‍ ഇതുവരെ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇവ അര്‍ഹരായ 1,53,254 പേര്‍ക്കു നല്‍കി.

135 റേഷന്‍ കടകളുടെ അംഗീകാരം റദ്ദാക്കിയിട്ടുണ്ട്. 13 പുതിയ റേഷന്‍കടകള്‍ ആരംഭിച്ചു. കോവിഡ് ബാധിച്ചു മരിച്ച റേഷന്‍ വ്യാപാരികളുടെ ആശ്രിതരെ ലൈസന്‍സി ആക്കുന്നതിന് എസ്‌എസ്‌എല്‍സി പാസാകണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

ഉപഭോക്തൃ ദിനമായ നാളെ പൊതുവിതരണ വകുപ്പിന്റെ പദ്ധതികളുടെ ഉ​ദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.സമ്ബൂര്‍ണ ഇ-ഓഫിസ് പ്രഖ്യാപനത്തിനു പുറമേ എഫ്പിഎസ് മൊബൈല്‍ ആപ്, ജിപിഎസ് ട്രാക്കിങ് എന്നിവയുടെ ഉദ്ഘാടനം നാളെ നടക്കും. ഓരോ കടയിലും റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തുന്ന പരിശോധനാ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തത്സമയം ലഭ്യമാക്കുന്നതിനാണ് എഫ്പിഎസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31588/ration-card-surrender)