---
title: "കണ്ണൂര്‍ ദസറക്ക് ഇന്ന്‌ തുടക്കം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316453/kannur"
published_at: "2025-09-23T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1e5ed13cae_Screenshot_2025-09-23_054142.jpg"
keywords: []
---

# കണ്ണൂര്‍ ദസറക്ക് ഇന്ന്‌ തുടക്കം

> **Lead Summary:** കണ്ണൂര്‍ : നിറങ്ങളുടെയും കാഴ്ചകളുടെയും വിരുന്നൊരുക്കി കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന്‌ മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. 'പങ്കുവെയ്ക്കാം സ്‌നേഹം പങ്കുചേരാം ദസറ' എന്നതാണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറയുടെ മുദ്രാവാക്യം. ഇക്കുറി ദസറയോടൊപ്പം ഷോപ്പിംഗ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.

## Article Content

കണ്ണൂര്‍ : നിറങ്ങളുടെയും കാഴ്ചകളുടെയും വിരുന്നൊരുക്കി കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന്‌ മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. 'പങ്കുവെയ്ക്കാം സ്‌നേഹം പങ്കുചേരാം ദസറ' എന്നതാണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറയുടെ മുദ്രാവാക്യം. ഇക്കുറി ദസറയോടൊപ്പം ഷോപ്പിംഗ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.

കോര്‍പ്പറേഷന്‍ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ നല്‍കുന്നതാണ് പദ്ധതി. സൗജന്യ കൂപ്പണ്‍ നറുക്കെടുപ്പില്‍ ബംബര്‍ സമ്മാനമായി ബെലേനൊ കാര്‍, രണ്ടാം സമ്മാനമായി 5 പേര്‍ക്ക് ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍, മൂന്നാം സമ്മാനമായി 50 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്നിവ നല്‍കും. 500 പേര്‍ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും പ്രോത്സാഹന സമ്മാനമായി ഉള്‍പ്പെടുത്തി. ഓഗസ്റ്റ് 25ന് ആരംഭിച്ച ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 10ന് അവസാനിക്കും. നറുക്കെടുപ്പ് ഒക്ടോബര്‍ 15 ന് നടക്കും.

ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഇന്ന്‌ കൊടിയേറ്റം നടക്കും. തുടര്‍ന്ന് അംഗന്‍വാടി ജീവനക്കാര്‍ അവതരിപ്പിക്കുന്ന മെഗാ ഒപ്പന നടക്കും. ദസറ കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ പങ്കെടുക്കും.

മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികളാണ് ഏര്‍പ്പെടുത്തിയത്. ആല്‍മരം മ്യൂസിക് ബാന്റ് ചെമ്മീന്‍ ബാന്റ് വിത്ത് സീനിയേഴ്‌സ്, രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന ഫോക് മെഗാഷോ, ഫെജോ ആന്റ് എഡിജെ ലൈവ് റാപ്പ് ഷോ, കൊല്ലം ഷാഫിയും രഹ്നയും നയിക്കുന്ന ഇശല്‍ രാവ്, സോങ്‌സ് ഓഫ് സോള്‍ ആന്റ് സോയില്‍ ബിന്‍സിയും ഇമാമും നയിക്കുന്ന സൂഫി സംഗീത സന്ധ്യ, അജയ്‌ഗോപാല്‍ അവതരിപ്പിക്കുന്ന ഗാനമേള, നടി ആശ ശരത്ത് നയിക്കുന്ന ആശാ നടനം, അവിയല്‍ ബാന്‍ഡ് മെഗാ ഷോ എന്നിവയും ഉണ്ടാകും.

ദസറയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയില്‍ വ്യാപാരസ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും ദീപലങ്കാരങ്ങളാല്‍ വര്‍ണപ്രപഞ്ചം തീര്‍ക്കും. മികച്ച ദീപാലങ്കാരങ്ങള്‍ക്ക് സോണല്‍ അടിസ്ഥാനത്തിലും കോര്‍പ്പറേഷന്‍ അടിസ്ഥാനത്തിലും സമ്മാനങ്ങള്‍ നല്‍കുമെന്ന് മേയര്‍ മുസ് ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി. ഇന്ദിര, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാരായ പി. ഷമീമ ടീച്ചര്‍, എം.പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്‍, എന്‍. ഉഷ, ദസറ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ കെ.സി രാജന്‍ മാസ്റ്റര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സി സുനില്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316453/kannur)