---
title: "പേരാവൂർ താലൂക്ക് ആശുപത്രി വികസനം തടസ്സപ്പെടുത്തിയതിനെതിരെ പേരാവൂർ ഫോറം ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകി"
english_title: "District Collector and Tehsildar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31690/district-collector-and-tehsildar"
published_at: "2022-03-14T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f215f69a46_Picsart_22-03-14_16-32-41-252.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രി വികസനം തടസ്സപ്പെടുത്തിയതിനെതിരെ പേരാവൂർ ഫോറം ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകി

> **Lead Summary:**  പേരാവൂർ : പേരാവൂർ താലൂക്ക് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർപ്ലാൻ പ്രകാരമുള്ള വികസന പ്രവൃത്തി തടസ്സപ്പെടുത്തിയത് സംബന്ധിച്ച് കണ്ണൂർ ജില്ലാ കളക്ടർക്കും ഇരിട്ടി തഹസിൽദാർക്കും പേരാവൂർ ഫോറം കൂട്ടായ്മ ഭാരവാഹികൾ പരാതി നൽകി.

## Article Content

 പേരാവൂർ : പേരാവൂർ താലൂക്ക് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർപ്ലാൻ പ്രകാരമുള്ള വികസന പ്രവൃത്തി തടസ്സപ്പെടുത്തിയത് സംബന്ധിച്ച് കണ്ണൂർ ജില്ലാ കളക്ടർക്കും ഇരിട്ടി തഹസിൽദാർക്കും പേരാവൂർ ഫോറം കൂട്ടായ്മ ഭാരവാഹികൾ പരാതി നൽകി.

ആശുപത്രി വികസനം തടയുന്നത് നിലവിൽ സർവീസിലുള്ള രണ്ട് ഡോക്ടർമാരാണെന്നും ഇത് സംബന്ധിച്ചു നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഡോക്ടർമാരായ രവീന്ദ്രൻ,സദാനന്ദൻ എന്നിവരുടെ പേരെടുത്ത് സൂചിപ്പിച്ചുകൊണ്ടാണ് പരാതി നൽകിയിട്ടുള്ളത്.

ആശുപത്രി വികസനത്തിനായി 2019 ൽ പ്രഖ്യാപിക്കപ്പെട്ട മാസ്റ്റർപ്ലാൻ പ്രകാരം പദ്ധതി നടപ്പാക്കുന്നതിനായി പ്രാഥമികമായി പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയൂം ചെയ്തു.

ഈ രണ്ട് ഡോക്ടർമാരും ആശുപത്രി വകയായുള്ള സ്ഥലം അനധികൃതമായി തങ്ങളുടെ വീട്ടിലേക്കുള്ള വഴിയായി ഉപയോഗിക്കുന്നു എന്നാണ് പേരാവൂർ ഫോറം പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇവിടെ തന്നെ ഒരു ഡോക്ടർ ഷോപ്പിംഗ് കോംപ്ലക്സ് പണിയുകയും പൊതുവഴിയാണെന്ന് കാണിച്ച് പഞ്ചായത്തിൽ നിന്നും ലൈസൻസ് നേടിയെടുക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

മാത്രമല്ല കോവിഡ് കാലത്ത് ആശുപത്രിയോടനുബന്ധിച്ച് കോവിഡ് ഐ സി യു നിർമ്മാണം ആരംഭിച്ചപ്പോൾ അതിനെയും തടസ്സപ്പെടുത്തിയെന്നും പരാതി നല്കപ്പെട്ടിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ആശുപത്രി വികസനം തടസ്സപ്പെടുത്തുന്ന നിലയിൽ ഇങ്ങനെയുള്ള നീക്കങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി യാതൊന്നും സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും പേരാവൂർ ഫോറം ഭാരവാഹികൾ ഉന്നയിക്കുന്നു.

ഭാരവാഹികളായ ബേബി കുര്യൻ, സന്തോഷ് പാമ്പാറ ,അബി ജോൺ,ആനന്ദ് കൃഷ്ണൻ, ബിനീഷ് നാമത്ത്,സിജോ പേരാവൂർ, സി എം ജോസഫ്, മനോജ് കുമാർ പി പി തുടങ്ങിയവരാണ് പരാതി കളക്ടർക്കും തഹസിൽദാർക്കും നൽകിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31690/district-collector-and-tehsildar)