---
title: "ഹൈടെക്ക് കോപ്പിയടി കേസിൽ പിടിയിലായ സഹദ്  മുമ്പ് നാല് പരീക്ഷകളിൽ സമാന രീതിയിൽ കോപ്പിയടിച്ചെന്ന് കണ്ടെത്തൽ"
english_title: "Highteccoppyadicase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317701/highteccoppyadicase"
published_at: "2025-09-29T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da4b33f0f3e_1000136140.jpg"
keywords: []
---

# ഹൈടെക്ക് കോപ്പിയടി കേസിൽ പിടിയിലായ സഹദ്  മുമ്പ് നാല് പരീക്ഷകളിൽ സമാന രീതിയിൽ കോപ്പിയടിച്ചെന്ന് കണ്ടെത്തൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിലെ പി എസ് എസ് ഹൈടെക്ക് കോപ്പിയടി കേസിൽ പിടിയിലായ സഹദ് ഇതിന് മുമ്പ് നാല് പരീക്ഷകളിൽ സമാന രീതിയിൽ കോപ്പിയടിച്ചെന്ന് കണ്ടെത്തൽ. കോപ്പിയടിക്കായി ഉപയോഗിച്ച ലൈവ് ഡിവൈസുള്ള ക്യാമറയും, മൈക്രോ ഇയർ ഫോണും വാങ്ങിയത് ഓൺലൈനിലൂടെ. സഹദിന്റെ കൂട്ടാളി സബീലിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

## Article Content

**കണ്ണൂർ: **കണ്ണൂരിലെ പി എസ് എസ് ഹൈടെക്ക് കോപ്പിയടി കേസിൽ പിടിയിലായ സഹദ് ഇതിന് മുമ്പ് നാല് പരീക്ഷകളിൽ സമാന രീതിയിൽ കോപ്പിയടിച്ചെന്ന് കണ്ടെത്തൽ. കോപ്പിയടിക്കായി ഉപയോഗിച്ച ലൈവ് ഡിവൈസുള്ള ക്യാമറയും, മൈക്രോ ഇയർ ഫോണും വാങ്ങിയത് ഓൺലൈനിലൂടെ. സഹദിന്റെ കൂട്ടാളി സബീലിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

സഹദിന്റെ കൂട്ടാളിയായ സബീലിനെ ചോദ്യം ചെയ്തതോടെയാണ് കോപ്പിയടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഷർട്ടിന്റെ ബട്ടണിൽ ഘടിപ്പിച്ച മൈക്രോ ക്യാമറയിലൂടെ സബീലിനാണ് സഹദ് ചോദ്യപേപ്പർ നൽകിയത്. പെരളശേരിയിലെ വീട്ടിലിരുന്ന് സബീൽ കാര്യങ്ങൾ നിയന്ത്രിച്ചു. ഉത്തരങ്ങൾ സഹദിന്റെ ചെവിയിൽ ഘടിപ്പിച്ച മൈക്രോ ബ്ലൂട്ടൂത്ത് ഇയർ ഫോണിൽ പറഞ്ഞുകൊടുത്തു. ഐ ടി മേഖലയിൽ ജീവനക്കാരനായ സബീലിന് ഇതിനെ കുറിച്ച് പരിജ്ഞാനം ഉണ്ടായിരുന്നു. കോപ്പിയടിക്ക് ആവശ്യമായ ഉപകരണങ്ങൾ ഓൺലൈനിലൂടെയാണ് ഇവർ വാങ്ങിയത്. ഇതിന് മുമ്പ് നാല് പരീക്ഷകളിൽ സമാന രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. റിമാൻഡിലായ സഹദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. പയ്യാമ്പലം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടെയാണ് സഹദിനെ പി എസ് സി വിജിലൻസ് വിഭാഗം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317701/highteccoppyadicase)