---
title: "രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321855/sabarimala"
published_at: "2025-10-22T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f86845a2299_images_(3)_(3).jpeg"
keywords: []
---

# രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും

> **Lead Summary:** പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. കാലാവസ്ഥാ മാറ്റങ്ങൾ പരിഗണിച്ച് യാത്ര ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ യാത്ര തിരിച്ച രാഷ്ട്രപതി, രാവിലെ പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി. ഇവിടെ നിന്ന് രാഷ്ട്രപതി 11:50-ഓടെ സന്നിധാനത്ത് എത്തിച്ചേരും.

## Article Content

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. കാലാവസ്ഥാ മാറ്റങ്ങൾ പരിഗണിച്ച് യാത്ര ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ യാത്ര തിരിച്ച രാഷ്ട്രപതി, രാവിലെ പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി. ഇവിടെ നിന്ന് രാഷ്ട്രപതി 11:50-ഓടെ സന്നിധാനത്ത് എത്തിച്ചേരും.

നേരത്തെ നിലക്കലിൽ ഇറങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇത് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലായിരിക്കും രാഷ്ട്രപതി മലകയറുക. ഉച്ചപൂജ സമയത്താണ് പതിനെട്ടാംപടി കയറി രാഷ്ട്രപതി ദർശനം നടത്തുക.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി മടങ്ങിയ ശേഷം മാത്രമേ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.

രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച ഡൽഹിയിലേക്ക് മടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321855/sabarimala)