---
title: "ആളുമാറി മൃതദേഹം സംസ്‌കരിച്ചു: യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും"
english_title: "The body was cremated in disguise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32284/the-body-was-cremated-in-disguise"
published_at: "2022-03-17T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232e417e895a_Screenshot_20220317_124552.jpg"
keywords: []
---

# ആളുമാറി മൃതദേഹം സംസ്‌കരിച്ചു: യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും

> **Lead Summary:** തിരുവനന്തപുരം: മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മൃതദേഹം മാറിയത്.

## Article Content

തിരുവനന്തപുരം: മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മൃതദേഹം മാറിയത്.

കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബു(53)വും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനും (34) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ഇതില്‍ ബാബു 12 ന് മരിച്ചു. എന്നാല്‍ ഇത് ലാല്‍മോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ കൊണ്ടുപോകുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ലാല്‍മോഹന്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.

കഴിഞ്ഞ 11 ന് മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലാല്‍മോഹനേയും അതേ ദിവസം തന്നെ അപകടത്തില്‍പ്പെട്ട ബാബുവിനേയും അടുത്തടുത്ത സമയങ്ങളില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു.

രണ്ടുപേരുടെയും കേസ് നമ്പരുകളും അടുത്തടുത്ത നമ്പരുകളിലായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐ.സി.യു.വിലേയ്ക്കും ലാല്‍മോഹനെ ഐ.സി.യു.വിലേയ്ക്കും മാറ്റി. ലാല്‍മോഹന്റെ അപകടം അറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തി. എന്നാല്‍ ആശുപത്രി അധികൃതര്‍ ന്യൂറോ ഐ.സി.യു.വിലേയ്ക്ക് മാറ്റിയ ബാബുവിന്റെ ബന്ധുക്കളാണെന്ന് തെറ്റിദ്ധരിച്ച് അങ്ങോട്ടേയ്ക്ക് പറഞ്ഞുവിട്ടു.

പരിചരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. 12 ന് ബാബു മരിച്ചു. മരിച്ചത് ലാല്‍മോഹന്‍ തന്നെ എന്ന ധാരണയില്‍ ബന്ധുക്കള്‍ മലയിന്‍കീഴ് പോലീസിനെ അറിയിച്ച് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചു. ഈ സമയം ലാല്‍മോഹന്‍ അജ്ഞാതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുടുംബവുമായി അകന്നുകഴിയുന്ന നരുവാമൂട് സ്വദേശിയായ ബാബു അപകടത്തില്‍പ്പെട്ട വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. വല്ലപ്പോഴും മാത്രമേ ഇദ്ദേഹം വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. പിന്നീട് ബാബുവിനെ കാണാനില്ലെന്ന് പോലീസിനെ അറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ ബാബു എത്തിയതായി അറിയുന്നത്.

തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് ബാബു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്. ബുധനാഴ്ച ആശുപത്രിയിലെത്തിയ ബാബുവിന്റെ ബന്ധുക്കളെ മൃതദേഹം കാണിച്ചപ്പോഴാണ് ആളുമാറി സംസ്‌കരിച്ച വിവരം പുറത്തറിയുന്നത്.

ലാല്‍മോഹനാണെന്ന് കരുതി ബാബുവിനെ പരിചരിക്കുകയും മരണാനന്തര ക്രിയകള്‍ നടത്തി സംസ്‌കരിക്കുകയും ചെയ്തിട്ടും ആളെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് കഴിയാതെ പോയതാണ് പോലീസിനെ കുഴക്കിയത്.ഇനി ലാല്‍മോഹന്റെ യഥാര്‍ത്ഥ മൃതദേഹം മലയിന്‍കീഴ് പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32284/the-body-was-cremated-in-disguise)