---
title: "അടിമാലി മണ്ണിടിച്ചിലിൽ കാൽ മുറിച്ചുമാറ്റിയ സന്ധ്യയ്ക്ക് കൈത്താങ്ങുമായി മമ്മുട്ടി; ചികിത്സാ ചെലവ് കെയർ ആൻഡ് ഷെയർ ഏറ്റെടുക്കും"
english_title: "Adimalilandslide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323190/adimalilandslide"
published_at: "2025-10-29T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901cd8e44b1f_1000146090.jpg"
keywords: []
---

# അടിമാലി മണ്ണിടിച്ചിലിൽ കാൽ മുറിച്ചുമാറ്റിയ സന്ധ്യയ്ക്ക് കൈത്താങ്ങുമായി മമ്മുട്ടി; ചികിത്സാ ചെലവ് കെയർ ആൻഡ് ഷെയർ ഏറ്റെടുക്കും

> **Lead Summary:** **തിരുവനന്തപുരം : **അടിമാലി മണ്ണിടിച്ചിലിൽ കാൽ മുറിച്ചുമാറ്റിയ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം : **അടിമാലി മണ്ണിടിച്ചിലിൽ കാൽ മുറിച്ചുമാറ്റിയ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിന് ശേഷം ദേശീയപാത കരാർ കമ്പനി അധികൃതർ ബന്ധപ്പെട്ടിട്ടില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ്  പറഞ്ഞിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചതിന് പിന്നാലെയാണ് കുടുംബത്തിന്‍റെ ദുരവസ്ഥ ശ്രദ്ധയിൽ പെട്ടത്. ഇത് കണ്ടതോടെയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ സഹായം ഏറ്റെടുത്തത്.

അതേസമയം സന്ധ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. കാലിൽ രക്തയോട്ടം നിലച്ചിരുന്നു അതുകൊണ്ടാണ് ഇടത് കാൽ മുറിച്ചുമാറ്റേണ്ടിവന്നത്. വലതുകാലിൽ പരുക്കേറ്റിരുന്നുവെങ്കിലും അത് ഭേദമായി വരുന്നുണ്ടെന്നും സന്ദീപ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചിരുന്നു.മണ്ണിടിഞ്ഞതോടെ, കോൺക്രീറ്റ് മേൽക്കൂര ഇവർക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചിരുന്നത്. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് സന്ധ്യയെ വിദ​ഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജ​ഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323190/adimalilandslide)