---
title: "സങ്കര ചികിൽസ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കും: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ"
english_title: "Hybrid treatment system"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32330/hybrid-treatment-system"
published_at: "2022-03-17T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62330d321126b_Picsart_22-03-17_15-57-30-799.jpg"
keywords: []
---

# സങ്കര ചികിൽസ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കും: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

> **Lead Summary:** വിവിധ ചികിൽസാ സമ്പ്രദായങ്ങളെ ചേർത്ത് സങ്കര ചികിൽസ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

## Article Content

വിവിധ ചികിൽസാ സമ്പ്രദായങ്ങളെ ചേർത്ത് സങ്കര ചികിൽസ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇത്തരം ചികിൽസാ പരീക്ഷണം മനുഷ്യ ശരീരത്തിൽ ഉണ്ടാക്കാവുന്ന ദോഷഫലങ്ങൾ വളരെ വലുതായിരിക്കും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ് നിയമം സ്വാഗതാർഹമാണെങ്കിലും നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നിയമം നടപ്പാക്കിയാൽ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കും.

കോവിഡ് പ്രതിസന്ധി കഴിയുന്നതുവരെയെങ്കിലും നിയമം നടപ്പാക്കരുത്. എംബിബിഎസ് യോഗ്യത ഇല്ലാത്തവർക്കും ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യാൻ ബ്രിഡ്ജ് കോഴ്സ് വഴി അനുവാദം നൽകുന്നത് ഒഴിവാക്കണം.

ആവശ്യത്തിലധികം എംബിബിഎസ് യോഗ്യതയുള്ളവർ ഇവിടെയുള്ള സാഹചര്യത്തിൽ ബ്രിഡ്ജ് കോഴ്സ് ആവശ്യമില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി നാഷണൽ മെഡിക്കൽ കമ്മീഷൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്ര കാഴ്ച്ചപ്പാടിനെതിരാണ്.

ഇത്തരം പ്രതിജ്ഞ ആധുനിക ചികിൽസാ മേഖലയെ തന്നെ പിറകോട്ട് നയിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ.സാമുവിൽ കോശി, സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ, മറ്റു ഭാരവാഹികളായ ഡോ.ലളിത് സുന്ദരം, ഡോ.രാജ് മോഹൻ, ഡോ.സുൾഫിക്കർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32330/hybrid-treatment-system)