---
title: "ത്രില്ലടിപ്പിക്കാൻ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും; ശ്രദ്ധനേടി 'പത്താം വളവ്' ട്രെയിലർ"
english_title: "Patham valave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32355/patham-valave"
published_at: "2022-03-17T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233248088790_IMG-20220317-WA0084.jpg"
keywords: []
---

# ത്രില്ലടിപ്പിക്കാൻ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും; ശ്രദ്ധനേടി 'പത്താം വളവ്' ട്രെയിലർ

> **Lead Summary:** സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ ട്രെയിലർ പുറത്ത്. പൊലാസ് ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരുടെ പ്രതീക്ഷയേറ്റുന്നതാണ്.

## Article Content

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ ട്രെയിലർ പുറത്ത്. പൊലാസ് ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരുടെ പ്രതീക്ഷയേറ്റുന്നതാണ്.

നിഗൂഢതകൾ ഒളിപ്പിച്ചുകൊണ്ടുള്ള ട്രെയിലർ ഇതിനോടകം ചർച്ചയായിരിക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. ഇന്ദ്രജിത്തിനും സുരാജിനുമൊപ്പം അജ്മൽ അമീറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇടവേളയ്ക്ക് ശേഷമുള്ള അജ്മലിന്റെ തിരിച്ചുവരവാണിത്.

അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.

ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പദ്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32355/patham-valave)