---
title: "ട്രെയിൻ യാത്രയിലെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ 'രക്ഷിത' "
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324956/thiruvananthapuram"
published_at: "2025-11-08T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ef22dae37c_download_(23).jpeg"
keywords: []
---

# ട്രെയിൻ യാത്രയിലെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ 'രക്ഷിത' 

> **Lead Summary:** തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിക്കുന്നതിനായി റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നിവ സംയുക്തമായി റെയില്‍വേ എസ്.പിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ രക്ഷിത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

## Article Content

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിക്കുന്നതിനായി റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നിവ സംയുക്തമായി റെയില്‍വേ എസ്.പിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ രക്ഷിത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃതമായ പ്രവര്‍ത്തനങ്ങള്‍, മദ്യപിച്ച് യാത്ര ചെയ്യല്‍, ലഹരിക്കടത്ത്, സ്ത്രീ യാത്രികരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയാനും വേണ്ടിയാണ് പദ്ധതി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് റെയില്‍വെ ഡിവൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ വനിത പോലീസ് ഉള്‍പ്പടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പട്രോളിംഗ് നടത്തും. സ്ത്രീകള്‍ കൂടുതലായുള്ള കമ്പാര്‍ട്ട്‌മെന്റുകളില്‍ പരിശോധന ശക്തമാക്കും.

മദ്യ ലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആല്‍കോമീറ്റര്‍ പരിശോധന 38 റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവരെയും റെയില്‍വേ ട്രാക്കില്‍ കല്ലും മറ്റു വസ്തുക്കളും വെച്ച് അപകടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താന്‍ ആര്‍പിഎഫും റെയില്‍വേ പോലീസും ലോക്കല്‍ പോലീസും പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും യാത്രാട്രെയിനുകളിലും ബോംബ് സ്‌ക്വാഡിനേയും നര്‍ക്കോട്ടിക് വിഭാഗത്തേയും ഉപയോഗിച്ച് മയക്കുമരുന്നുകളും നിരോധിത പുകയില ഉല്‍പന്നങ്ങളും ഹവാല പണവും കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324956/thiruvananthapuram)