---
title: "ലഹരിക്കെതിരെ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി പോലീസ് കമ്മീഷണറുടെ നേതൃത്യത്തിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് ശ്രദ്ധേയമായി"
english_title: "Food ball"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32691/food-ball"
published_at: "2022-03-19T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235a30541a2e_Picsart_22-03-19_15-01-21-390.jpg"
keywords: []
---

# ലഹരിക്കെതിരെ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി പോലീസ് കമ്മീഷണറുടെ നേതൃത്യത്തിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് ശ്രദ്ധേയമായി

> **Lead Summary:** ലഹരിക്കെതിരെ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി പോലീസ് കമ്മീഷണറുടെ നേതൃത്യത്തിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് ശ്രദ്ധേയമായി. കുന്നിരിക്ക സോക്കറക്സ് ടർഫിൽ നടന്ന മത്സരത്തിൽ പോലീസുകാരെ തോൽപ്പിച്ച് മാധ്യമപ്രവർത്തകരാണ് ട്രോഫി സ്വന്തമാക്കിയത്.

## Article Content

ലഹരിക്കെതിരെ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി പോലീസ് കമ്മീഷണറുടെ നേതൃത്യത്തിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് ശ്രദ്ധേയമായി. കുന്നിരിക്ക സോക്കറക്സ് ടർഫിൽ നടന്ന മത്സരത്തിൽ പോലീസുകാരെ തോൽപ്പിച്ച് മാധ്യമപ്രവർത്തകരാണ് ട്രോഫി സ്വന്തമാക്കിയത്.

ഉന്മാദത്തിൽ നിന്നും ഉത്സവത്തിലേക്ക് എന്ന സന്ദേശമുയർത്തിയാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചത്. സിറ്റിപോലീസിൻ്റെ നേതൃത്വത്തിൽ നടന്ന ടൂർണമെൻ്റിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും, ഫയർഫോഴ്സുകാരും,എക്സൈസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും കളത്തിലിറങ്ങി പന്ത് തട്ടി.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ട്രെയിനി വിജയ് ഭരത്,കൂത്തുപറമ്പ് എസ് ഐ കെ ടി സന്ദീപ് തുടങ്ങിയവർ കളിക്കളത്തിൽ നിറഞ്ഞാടിയപ്പോൾ കാണാൻ എത്തിയ നൂറുകണക്കിനാളുകൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി പങ്കാളികളായി.

ജില്ലയിൽ വ്യാപകമാകുന്ന മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനും എതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും ജയിൽ ഉദ്യോഗസ്ഥരും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും എല്ലാം ഒരുമിച്ച് കളിക്കളത്തിൽ ഇറങ്ങി പുതിയ സന്ദേശം നൽകിയത്.

കൂത്തുപറമ്പ് പോലീസ്, വേങ്ങാട് ഗ്രാമപഞ്ചായത്ത്, സേവ് ഊർപ്പള്ളി,കുന്നിരിക്ക സോക്കറക്സ് ടർഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെ എസ് ടു സ്പോർട്സ്, സെ നോ ടു ഡ്രഗ്സ് എന്ന സന്ദേശവുമായി ലഹരിക്കെതിരെ പ്രയാണം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. 6 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പോലീസ് ടീമും മാധ്യമപ്രവർത്തകരുടെ ടീമുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.

പോലീസ് ടീമിനെ തോൽപ്പിച്ചു മാധ്യമപ്രവർത്തകരുടെ ടീം മത്സരത്തിൽ ജേതാക്കളായി. പരിപാടി സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത അധ്യക്ഷത വഹിച്ചു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, വേങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ടി എം ബിജു, കൂത്തുപറമ്പ് സി ഐ ബിനു മോഹൻ, കണ്ണൂർ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ടി കെ എ ഖാദർ,എക്സൈസ് ഓഫീസർ പ്രമോദ്, ഷമീർ ഊർപ്പള്ളി,സി പി രജീഷ്, ഷംസീർ സോക്കറക്സ്, എൻ സുലൈമാൻ, തുടങ്ങിയവർ സംസാരിച്ചു.

സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോക്ക്‌ സോക്കറക്സ് ടർഫ് മാനേജർ ഫിറോജ് ഉപഹാരം നൽകി. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത് പാട്യം സമ്മാനദാനം നിർവഹിച്ചു. നിരഞ്ജന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടാസ്ക് മക്രേരി വനിതാ ടീമിന്റെ കോൽക്കളിയും കളരിപ്പയറ്റും പരിപാടിയുടെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32691/food-ball)