---
title: "രാജ്യാന്തര ചലച്ചിത്ര മേള ; മൂന്നാം ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക 67 ചിത്രങ്ങള്‍"
english_title: "Iffk 3rd day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32789/iffk-3rd-day"
published_at: "2022-03-20T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62369bf10155a_n3696050421647745576227b5ebceae7433467d793bc46b0f89549137033683778898535f33d427c4853e0a.jpg"
keywords: []
---

# രാജ്യാന്തര ചലച്ചിത്ര മേള ; മൂന്നാം ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക 67 ചിത്രങ്ങള്‍

> **Lead Summary:** പ്രേക്ഷക പങ്കാളിത്തത്തില്‍ നിറഞ്ഞാടി രാജ്യാന്തര ചലച്ചിത്ര മേള .മൂന്നാം ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക 67 ചിത്രങ്ങള്‍.

## Article Content

പ്രേക്ഷക പങ്കാളിത്തത്തില്‍ നിറഞ്ഞാടി രാജ്യാന്തര ചലച്ചിത്ര മേള .മൂന്നാം ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക 67 ചിത്രങ്ങള്‍.

ഓസ്കാര്‍ പുരസ്‌കാരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും.

രണ്ടു ദിവസം പിന്നിട്ട മേള പ്രേക്ഷക പങ്കാളിത്തത്താല്‍ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. തീയറ്ററിനകത്തും പുറത്തുമായുള്ള വന്‍ പങ്കാളിത്തം മേളയെ ഇതിനകം ഉത്സവ ഛായയിലാഴ്ത്തി. മൂന്നാം ദിനം മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ധോയുടെ ആദ്യ പ്രദര്‍ശനമടക്കം 67 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

എംറെ കൈസിന്റെ ടര്‍ക്കിഷ് ചിത്രം അനറ്റോളിയന്‍ ലെപ്പേര്‍ഡ് ,അസര്‍ബൈജാന്‍ ചിത്രം സുഖ്റ ആന്‍ഡ് ഹെര്‍ സണ്‍സ്, കാശ്മീരില്‍ ജീവിക്കുന്ന അഫീഫ എന്ന പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഐ ആം നോട്ട് ദി റിവര്‍ ഝലം, അന്‍റ്റൊണെറ്റാ കുസിജനോവിച് സംവിധാനം ചെയ്ത മുറിന എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.

രണ്ടു തവണ ഓസ്കാര്‍ പുരസ്‌കാരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും . കടക്കെണിയില്‍പ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിന് ഓസ്കാര്‍ നോമിനേഷനും കാന്‍ ഫിലിം ഫെസ്റ്റിവല്‍, ഏഷ്യന്‍ പസിഫിക് സ്ക്രീന്‍,ക്രിട്ടിക്സ് അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ തുടങ്ങിയ മേളകളില്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .

40 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.നടേഷ് ഹെഡ്ഗെ സംവിധാനം ചെയ്ത പെഡ്രോ ഉള്‍പ്പെടെ 18 ഇന്ത്യന്‍ ചിത്രങ്ങളും ഇന്ന് പ്രേക്ഷര്‍ക്ക് മുന്നിലെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32789/iffk-3rd-day)