---
title: "‘ഹാൽ’ ഹൈക്കോടതി വീണ്ടും കാണും; നടപടി ഡിവിഷൻ ബെഞ്ചിന് കത്തോലിക്ക കോൺഗ്രസ് നൽകിയ അപ്പീലിൽ"
english_title: "Haalmovie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328533/haalmovie"
published_at: "2025-11-29T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ab0559c2bc_1000155266.jpg"
keywords: []
---

# ‘ഹാൽ’ ഹൈക്കോടതി വീണ്ടും കാണും; നടപടി ഡിവിഷൻ ബെഞ്ചിന് കത്തോലിക്ക കോൺഗ്രസ് നൽകിയ അപ്പീലിൽ

> **Lead Summary:** **കൊച്ചി: **ഷെയ്ൻ നിഗം നായകനാകുന്ന ‘ഹാൽ’ സിനിമ ഹൈക്കോടതി വീണ്ടും കാണും. സിനിമ മത സൗഹാർദം തകർക്കുന്നതാണെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ക്രൈസ്തവരേയും താമരശേരി ബിഷപ്പിനേയും സിനിമയിലൂടെ അപമാനിക്കുന്നു എന്നാണ് ആക്ഷേപം. ഈ രംഗങ്ങൾ മാറ്റാതെ തന്നെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ.

## Article Content

**കൊച്ചി: **ഷെയ്ൻ നിഗം നായകനാകുന്ന ‘ഹാൽ’ സിനിമ ഹൈക്കോടതി വീണ്ടും കാണും. സിനിമ മത സൗഹാർദം തകർക്കുന്നതാണെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ക്രൈസ്തവരേയും താമരശേരി ബിഷപ്പിനേയും സിനിമയിലൂടെ അപമാനിക്കുന്നു എന്നാണ് ആക്ഷേപം. ഈ രംഗങ്ങൾ മാറ്റാതെ തന്നെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ.

വീര സംവിധാനം ചെയ്ത ‘ഹാൽ’ പ്രദർശിപ്പിക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും ഡിവിഷൻ ബെഞ്ചിനോട് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമ കാണും.

‘ഹാൽ’ സിനിമയിൽ 16 ഭാഗങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ച ഇടത്ത് സിനിമ ആദ്യം കണ്ട സിംഗിൾ ബെഞ്ച് ജസ്റ്റിസ് വി.ജി. അരുൺ രണ്ട് ഭാഗങ്ങൾ മ്യൂട്ട് ചെയ്യണമെന്നാണ് ഉത്തരവിട്ടത്. സിനിമയിലെ സംഭാഷണത്തിലെ ധ്വജ പ്രണാമത്തിലെ ‘ധ്വജ’വും, മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.സെൻസർ ബോർഡിന്റെ നിബന്ധനകൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സിനിമയുടെ ഉള്ളടക്കത്തിലേക്കുള്ള കടന്നുകയറ്റം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷത, സാഹോദര്യം എന്നിവ അവഗണിച്ചാകരുത് നിയന്ത്രണങ്ങളെന്നും കോടതി നിരീക്ഷിച്ചു.

ജെവിജെ പ്രൊഡക്ഷൻസ് ആണ് ‘ഹാൽ’ നിർമിക്കുന്നത്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തമായ ഒരു പ്രണയ ചിത്രമായിരിക്കും ‘ഹാൽ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

കോഴിക്കോട് മൈസൂർ, ഹൈദ‌രാബാദ്, ജയ്പ്പൂർ, എന്നിവിടങ്ങളിലായി നൂറു ദിവസം സിനിമയുടെ ചിത്രീകരണം നീണ്ടുനിന്നു. ജോണി ആന്റണി സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാൽ, കെ.യു. മനോജ്. നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

നിഷാദ് കോയയുടേതാണ് തിരക്കഥ. രാജ് സാഗർ ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം -രവിചന്ദ്രൻ. കലാസംവിധാനം – പ്രശാന്ത് മാധവ്മേക്കപ്പ് – അമൽ,കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ., പിആർഒ വാഴൂർ ജോസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328533/haalmovie)