---
title: "രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് 71  ചിത്രങ്ങൾ പ്രദർശിപ്പിക്കും"
english_title: "Iffk 4th day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32955/iffk-4th-day"
published_at: "2022-03-21T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6237e35ebfc6c_images.jpeg"
keywords: []
---

# രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് 71  ചിത്രങ്ങൾ പ്രദർശിപ്പിക്കും

> **Lead Summary:** രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് ഏവരും കാത്തിരിക്കുന്ന ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പെടെ 71 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

## Article Content

രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് ഏവരും കാത്തിരിക്കുന്ന ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പെടെ 71 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

മത്സര വിഭാഗത്തില്‍ എട്ടും ലോക സിനിമാ വിഭാഗത്തില്‍ 34 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ലോക ശ്രദ്ധ നേടിയ ഹൊറര്‍ ചിത്രം ദി മീഡിയത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. രാത്രി 12 മണിക്ക് നിശാഗന്ധിയിലായിരിക്കും പ്രദര്‍ശനം നടക്കുക.

ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, ദിനാ അമീറിന്റെ യു റീസെമ്ബിള്‍ മി എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്രൊയേഷ്യന്‍ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കല്‍, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, നതാലി അല്‍വാരസ് മെസെന്‍ സംവിധാനം ചെയ്ത ക്ലാരാ സോളാ,ക്യാപ്റ്റന്‍ വോള്‍ക്കാനോ എസ്‌കേപ്പ്ഡ്,യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനവും ഇന്നുണ്ടാകും.

ലോക സിനിമാ വിഭാഗത്തില്‍ 34 ചിത്രങ്ങളായിരിക്കും ഇന്ന് പ്രദര്‍ശിപ്പിക്കുക. ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ജീവിതം പ്രമേയമാക്കി പാബ്ലോ ലാറൈന്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രമായ സ്‌പെന്‍സര്‍, കാന്‍ മേളയില്‍ പുരസ്‌ക്കാരം നേടിയ ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാര്‍ എന്നിവയാണ് പ്രധാനപ്പെട്ടത്. 15 ഇന്ത്യന്‍ ചിത്രങ്ങളും അഭ്രപാളിയിലെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32955/iffk-4th-day)