---
title: "നടിയെ അക്രമിച്ച കേസ്‌:  ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി"
english_title: "Actress assault case: Court finds Dileep not guilty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329981/actress-assault-case-court-finds-dileep-not-guilty"
published_at: "2025-12-08T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693667c4ccfb3_Screenshot_2025-12-07_113633.jpg"
keywords: []
---

# നടിയെ അക്രമിച്ച കേസ്‌:  ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി

> **Lead Summary:** കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസില്‍ എറണാകുളം ജില്ലാ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്.

## Article Content

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസില്‍ എറണാകുളം ജില്ലാ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്.

അഞ്ചു വർഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങള്‍ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.

ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.എൻ.എസ് സുനിൽ (പൾസർ സുനി)യാണ് കേസിലെ ഒന്നാം പ്രതി. മാർട്ടിൻ ആന്റണി,ബി.മണികണ്ഠൻ,വി.പി വിജീഷ്,എച്ച്.സലിം (വടിവൽ സലിം),പ്രദീപ്,ചാർളി തോമസ്,സനിൽകുമാർ (മേസ്തിരി സനിൽ), ജി.ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തുകയും ചെയ്തു.

പ്രമുഖ നടീ നടന്‍മാരടക്കം 261 സാക്ഷികളുള്ള കേസില്‍ 28 പേർ മൊഴി മാറ്റി. 142 തൊണ്ടികള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം കോടതി 438 ദിവസമെടുത്തു. ലൈംഗിക പീഡനം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , അശ്ലീല ചിത്രമെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്.കേസിലെ പ്രതികള്‍ക്കെല്ലാം നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329981/actress-assault-case-court-finds-dileep-not-guilty)