---
title: "യുദ്ധത്തിനെതിരെ യുള്ള ലോക സമാധാന സന്ദേശമുയര്‍ത്തി കവ്വായിക്കായലില്‍ യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചു"
english_title: "Organized anti-war watershed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33040/organized-anti-war-watershed"
published_at: "2022-03-21T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623849ce11d1d_Picsart_22-03-21_15-17-20-638.jpg"
keywords: []
---

# യുദ്ധത്തിനെതിരെ യുള്ള ലോക സമാധാന സന്ദേശമുയര്‍ത്തി കവ്വായിക്കായലില്‍ യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചു

> **Lead Summary:** യുദ്ധത്തിനെതിരെ യുള്ള ലോക സമാധാന സന്ദേശമുയര്‍ത്തി കവ്വായിക്കായലില്‍ യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചു.കണ്ണൂര്‍ ജില്ലാപഞ്ചായത്തും ചാള്‍സണ്‍ സ്വിമ്മിംങ്ങ് അക്കാദമിയും ചേര്‍ന്നാണ് കവ്വായി കായലിന്റെ ഭാഗമായുള്ള രാമന്തളി ഏറൻ പുഴയിൽ പരിപാടി സംഘടിപ്പിച്ചത്.

## Article Content

യുദ്ധത്തിനെതിരെ യുള്ള ലോക സമാധാന സന്ദേശമുയര്‍ത്തി കവ്വായിക്കായലില്‍ യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചു.കണ്ണൂര്‍ ജില്ലാപഞ്ചായത്തും ചാള്‍സണ്‍ സ്വിമ്മിംങ്ങ് അക്കാദമിയും ചേര്‍ന്നാണ് കവ്വായി കായലിന്റെ ഭാഗമായുള്ള രാമന്തളി ഏറൻ പുഴയിൽ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം എം.വിജിൽ എംഎൽഎ നിർവഹിച്ചു. മാനവരാശിക്കെതിരായ യുദ്ധവും ഹിരോഷിമയും നാഗസാക്കിയുമല്ല നമുക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധമില്ലാത്ത ലോകത്തിനും ലോക സമാധാനത്തിനുമായുള്ള പോരാട്ടം നമുക്കേറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ യുദ്ധ വിരുദ്ധ ജലശയനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, സാമൂഹ്യ സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ചാണ് യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചത്. നീലേശ്വരത്തെ ടി.സനോജ് - പ്രീതി ദമ്പതികളുടെ മകളായ അഞ്ചുവയസുകാരി സിയാഷി, മാവിച്ചേരിയിലെ 74- കാരനായ കെ.ബാലകൃഷ്ണൻ, പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഡോ.അബ്ദുൾ ജലീൽ എന്നിവരുൾപ്പെടെ ആവേശത്തോടെയാണ് യുദ്ധവിരുദ്ധ സന്ദേശവുമായി പരിപാടിയിൽ അണി ചേർന്നത്.

നീന്തലിലെ ലോക റെക്കോര്‍ഡ് താരവും ടൂറിസം ലൈഫ്ഗാര്‍ഡുമായ ചാള്‍സണ്‍ ഏഴിമലയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും ജലശയനത്തിന് നേതൃത്വം നല്‍കി. യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലേ കാർഡുകളുമായി ജലശയനത്തിനെത്തിയ കുട്ടികളുൾപ്പെടെയുള്ളവരോടൊപ്പം വിശിഷ്ടാതിഥികളും അണിനിരന്നാണ് യുദ്ധത്തിനെതിരെയുള്ള സന്ദേശം പകർന്നു നൽകിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33040/organized-anti-war-watershed)