---
title: "രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് ബിരുദ പ്രവേശനം ഇനി പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍"
english_title: "Central university "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33371/central-university"
published_at: "2022-03-23T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a8a9bd083b_images (11).jpeg"
keywords: []
---

# രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് ബിരുദ പ്രവേശനം ഇനി പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളിലേക്ക് ബിരുദ പ്രവേശനം ഇനി പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍.

## Article Content

ന്യൂഡല്‍ഹി: രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളിലേക്ക് ബിരുദ പ്രവേശനം ഇനി പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍.

ദേശീയ ടെസ്റ്റിങ് ഏജന്‍സിയായ എന്‍.ടി.എ നടത്തുന്ന കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷയുടെ (സി.യു.ഇ.ടി) സ്കോര്‍ പ്രധാന മാനദണ്ഡമാക്കും. 12ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഭാവിയില്‍ സംസ്ഥാന, സ്വകാര്യ സര്‍വകലാശാല ബിരുദ പ്രവേശനത്തിനും പൊതുപ്രവേശന പരീക്ഷ പരിഗണിക്കും.

സര്‍വകലാശാലാ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ വേണമെന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി 2020) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. 'ഒരു രാജ്യം, ഒരു പരീക്ഷ' എന്നതാണ് സര്‍വകലാശാല ധനസഹായ കമീഷന്‍ (യു.ജി.സി) ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ എം.ജഗദീഷ് കുമാര്‍ പറഞ്ഞു.

ജാമിഅ മില്ലിയ, അലിഗഢ് മുസ്‍ലിം സര്‍വകലാശാല തുടങ്ങി ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിലും സി.യു.ഇ.ടി വഴി മാത്രമേ പ്രവേശനം നല്‍കൂ. നിലവിലെ സംവരണ രീതി മാറില്ല.പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം സര്‍വകലാശാലകളുടെ പരീക്ഷകള്‍ എഴുതേണ്ടി വരില്ല. രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ സ്വന്തമായ പ്രവേശന പരീക്ഷകള്‍ നടത്തുകയും ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുകയും ചെയ്യുന്നതിനെതിരായ നടപടി കൂടിയാണിതെന്നും ജഗദീഷ് കുമാര്‍ വിശദീകരിച്ചു. നിലവില്‍ 12ാം ക്ലാസ് പരീക്ഷ മാര്‍ക്ക്, അതല്ലെങ്കില്‍ സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ബിരുദ പ്രവേശനം.

12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് സി.യു.ഇ.ടി പരീക്ഷക്ക് അപേക്ഷിക്കാം. സി.യു.ഇ.ടിക്ക് ലഭിക്കുന്ന സ്കോറിന്‍റെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം. ബോര്‍ഡ് പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്ക് പരിഗണിക്കില്ല. ജൂലൈ ആദ്യവാരം പൊതുപ്രവേശന പരീക്ഷ. ഏപ്രില്‍ ആദ്യവാരം അപേക്ഷിക്കാനുള്ള നടപടി തുടങ്ങും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടേത് മൂന്നര മണിക്കൂര്‍ നീളുന്ന കമ്ബ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ. എന്‍.സി.ആര്‍.ടി സിലബസ് പ്രകാരം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. നെഗറ്റിവ് മാര്‍ക്ക് ഉണ്ടാകും.

പരീക്ഷക്ക് രണ്ട് ഷിഫ്റ്റുകളിലായി മൂന്ന് ഭാഗങ്ങള്‍. ആദ്യ ഭാഗം ഭാഷ. ഇതില്‍ വായന, പദാവലിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍, പര്യായങ്ങള്‍, വിപരീത പദങ്ങള്‍ എന്നിവ ഉള്‍പ്പെടും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇതിനു പുറമേ, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങി വിവിധ ഭാഷകളില്‍ നിന്ന് ഒരു ഓപ്‌ഷണല്‍ ലാംഗ്വേജ് കൂടി തിരഞ്ഞെടുക്കാം. സബ്ജക്ടിലെ അറിവ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ആകെ 27 വിഷയങ്ങള്‍. ആറ് വിഷയത്തില്‍ വരെ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാം. മൂന്നാം ഭാഗത്തില്‍ പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ. സംസ്ഥാന സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളില്‍ സി.യു.ഇ.ടി സ്കോറിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാം. നിലവില്‍ നിര്‍ബന്ധമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33371/central-university)