---
title: "ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി"
english_title: "Deer in a faint state in the Odamthode river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334570/deer-in-a-faint-state-in-the-odamthode-river"
published_at: "2026-01-03T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958ed9c61044_DEER_IN_ODENTHODE.jpg"
keywords: []
---

# ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി

> **Lead Summary:** മണത്തണ: കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ കീഴ്പ്പള്ളി - മണത്തണ സെക്ഷൻ അതിർത്തി പങ്കിടുന്ന ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി. ആറളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഓടംതോട് അയ്യപ്പക്ഷേത്രത്തിന് പിന്നിലെ പുഴയിലാണ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെ മലമാനിനെ കണ്ടത്.

## Article Content

മണത്തണ: കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ കീഴ്പ്പള്ളി - മണത്തണ സെക്ഷൻ അതിർത്തി പങ്കിടുന്ന ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി. ആറളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഓടംതോട് അയ്യപ്പക്ഷേത്രത്തിന് പിന്നിലെ പുഴയിലാണ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെ മലമാനിനെ കണ്ടത്.

പുഴയുടെ നടുവിൽ വെള്ളത്തിൽ അനങ്ങാതെ കിടക്കുന്ന മാനെ കണ്ട നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നാല് വയസ്സ് പ്രായം തോന്നിക്കുന്ന, ഇരുക്കൊമ്പുകളുള്ള ആൺ വർഗ്ഗത്തിൽപ്പെട്ട മലമാനാണിത്. ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ കണ്ടെത്തിയിട്ടില്ലെങ്കിലും ഇടത് കൊമ്പിന്റെ അടിഭാഗത്ത് ചോര പൊടിയുന്ന നിലയിലായിരുന്നു. പ്രകൃത്യാ കൊമ്പ് പൊഴിയുന്ന സമയമായതിനാൽ ഉണ്ടായ മുറിവിൽ ഈച്ചകൾ മുട്ടയിട്ട് പുഴുക്കൾ അരിച്ചതാണ് മലമാൻ അവശനാകാൻ കാരണമായതെന്ന് വനപാലകർ പറഞ്ഞു. പുഴുക്കളുടെ ശല്യം സഹിക്കാനാവാതെയാണ് മാൻ പുഴയിലെ വെള്ളത്തിൽ അഭയം തേടിയതെന്ന് കരുതുന്നു. വനപാലകർ മാനെ കരയ്ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. മുറിവിലെ പുഴുക്കളെ നീക്കം ചെയ്ത ശേഷം മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്. നിലവിൽ വനപാലകരുടെ നിരീക്ഷണത്തിലാണ് മലമാൻ. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് ഇതിനെ വനത്തിലേക്ക് തന്നെ തുറന്നുവിടുന്നതാണ്..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334570/deer-in-a-faint-state-in-the-odamthode-river)