---
title: "മദീനക്കടുത്ത് വാഹനാപകടം; മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334653/accident"
published_at: "2026-01-04T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959fbe3743d5_IMG-20260104-WA0021.jpg"
keywords: []
---

# മദീനക്കടുത്ത് വാഹനാപകടം; മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു

> **Lead Summary:** റിയാദ്​: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ , ഭാര്യ തസ്‌ന തോടേങ്ങൽ , മകൻ നടുവത്ത്‌ കളത്തിൽ ആദിൽ , ജലീലി​ന്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ എന്നിവരാണ് മരിച്ചത്.

## Article Content

റിയാദ്​: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ , ഭാര്യ തസ്‌ന തോടേങ്ങൽ , മകൻ നടുവത്ത്‌ കളത്തിൽ ആദിൽ , ജലീലി​ന്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ എന്നിവരാണ് മരിച്ചത്.

മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലി​ന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ്​ ഫഹദ്​, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ശനിയാഴ്​ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത്​ വെച്ച് തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്​ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത്​ ഉംറ വിസയിലാണ് എത്തിയത്. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക്​ പുറപ്പെട്ടതായിരുന്നു.

മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334653/accident)