---
title: "സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി "
english_title: "Bus strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33553/bus-strike"
published_at: "2022-03-24T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bc998ac202_kerala-bus-strike.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി 

> **Lead Summary:** സംസ്ഥാനത്ത് അനിശ്ചിതകാലസ്വകാര്യ ബസ് സമരം തുടങ്ങി. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

## Article Content

സംസ്ഥാനത്ത് അനിശ്ചിതകാലസ്വകാര്യ ബസ് സമരം തുടങ്ങി. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും എത്ര രൂപ കൂട്ടുമെന്നോ എപ്പോള്‍ കൂട്ടുമെന്നോ അറിയിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. ബസുടമകളുടെ നഷ്ടം സര്‍ക്കാരിന് അറിയാമെന്നും നിരക്ക് നിശ്ചയിക്കുന്നതിന് സമയം വേണ്ടി വരുമെന്നുമാണ് ഗതാഗത മന്ത്രി പറയുന്നത്.

ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. യൂണിറ്റുകളിലുള്ള മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാനാണ് കെ.എസ്.ആര്‍.ടി.സി നിര്‍ദേശം. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുണ്ടാവും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകള്‍ ക്രമസമാധനപ്രശ്നമുണ്ടാക്കിയാല്‍ പൊ ലീസ് സഹായം തേടാനും നിര്‍ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33553/bus-strike)