---
title: "പാലങ്ങളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ഉന്നതതലയോഗം"
english_title: "Bridge work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33697/bridge-work"
published_at: "2022-03-24T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c568fcaedc_images.jpeg"
keywords: []
---

# പാലങ്ങളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ഉന്നതതലയോഗം

> **Lead Summary:** കണ്ണൂർ: ആലക്കോട്, അലക്സ്നഗര്‍ പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനും കരുവഞ്ചാല്‍, നുച്യാട് പാലങ്ങളുടെ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും, അപകടാവസ്ഥയിലുള്ള വട്ട്യാംതോട്, ഇരിക്കൂര്‍, കണ്ടകശ്ശേരി എന്നീ പാലങ്ങള്‍ക്ക് പകരം പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനം. 

## Article Content

കണ്ണൂർ: ആലക്കോട്, അലക്സ്നഗര്‍ പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനും കരുവഞ്ചാല്‍, നുച്യാട് പാലങ്ങളുടെ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും, അപകടാവസ്ഥയിലുള്ള വട്ട്യാംതോട്, ഇരിക്കൂര്‍, കണ്ടകശ്ശേരി എന്നീ പാലങ്ങള്‍ക്ക് പകരം പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനം. 

ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ മനോ മോഹന്റെയും അ‍ഡ്വ സജീവ് ജോസഫ് എം.എല്‍.എയുടെയും നേതൃത്വത്തില്‍ തിരുനന്തപുരത്തെ പൊതുമരാമത്ത് വകുപ്പ് ആസ്ഥാനത്ത് നടന്ന ഉന്നതഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

കേരളത്തിലെ ഏറ്റവും കൂടുതല്‍ പാലങ്ങള്‍ ആവശ്യമായ നിയോജകമണ്ഡലമായതിനാലും വിവിധ പാലങ്ങളുടെ നിര്‍മ്മാണം മന്ദഗതിയിലായതിനാലും പ്രത്യേക യോഗം വിളിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. 

വിവിധ പഞ്ചായത്തുകളില്‍ ആത്യാവശ്യമായിട്ടുള്ള മറ്റു പാലങ്ങളും ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് ചീഫ് എഞ്ചിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. 

യോഗത്തില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി.കെ.മിനി, കണ്ണൂര്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എം.ഹരീഷ്, എ.എക്സി എം.പി.വി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബഡ്ജറ്റില്‍ പാലങ്ങള്‍ക്കും റോഡുകള്‍ക്കും ആവശ്യമായ പരിഗണന ലഭിക്കാത്തതിലെ പ്രയാസങ്ങള്‍ എം.എല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരില്‍കണ്ട് ശ്രദ്ധയില്‍പ്പെടുത്തി. സാധ്യമായ കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33697/bridge-work)