---
title: " ഫോണുമായി സ്കൂളിൽ എത്തിയാൽ പണി പാളും: മൊബൈൽ കണ്ടെത്തിയാൽ മാർച്ച് 31 വരെ തിരിച്ച് കിട്ടില്ല"
english_title: "Confiscate the phone if found at school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337015/confiscate-the-phone-if-found-at-school"
published_at: "2026-01-18T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696ce37b24698_ChatGPT_Image_Jan_18,_2026,_07_07_35_PM.png"
keywords: []
---

#  ഫോണുമായി സ്കൂളിൽ എത്തിയാൽ പണി പാളും: മൊബൈൽ കണ്ടെത്തിയാൽ മാർച്ച് 31 വരെ തിരിച്ച് കിട്ടില്ല

> **Lead Summary:** കൊല്ലം: സ്കൂളുകളിൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പലപ്പോഴും സമ്മർദ്ദത്തിലാവുന്നത് അധ്യാപകരാണ്. ക്ലാസുകളുടെ ഇടവേളകളിലും വിദ്യാർഥികൾ ബാഗിനുള്ളിലും യൂണിഫോമിനുള്ളിലും ഒളിച്ചു വച്ച ഫോണുകൾ ഉപയോഗിച്ച് റീൽസ് ചിത്രീകരണമടക്കം നടത്തുന്നതായാണ് പരാതി.

## Article Content

കൊല്ലം: സ്കൂളുകളിൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പലപ്പോഴും സമ്മർദ്ദത്തിലാവുന്നത് അധ്യാപകരാണ്. ക്ലാസുകളുടെ ഇടവേളകളിലും വിദ്യാർഥികൾ ബാഗിനുള്ളിലും യൂണിഫോമിനുള്ളിലും ഒളിച്ചു വച്ച ഫോണുകൾ ഉപയോഗിച്ച് റീൽസ് ചിത്രീകരണമടക്കം നടത്തുന്നതായാണ് പരാതി.

സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന കർശന നിർദേശം അധ്യാപകർ, വിദ്യാർഥികൾക്ക് നൽകാറുണ്ടെങ്കിലും വിദ്യാർഥികൾ ഇത് അനുസരിക്കാറില്ല. ഇനി പക്ഷെ കളി കാര്യമാവും.  വിദ്യാലയങ്ങളിൽനിന്ന് മൊബൈൽ കണ്ടെത്തിയാൽ അവ മാർച്ച് 31 വരെ പ്രഥമാധ്യാപകൻ കൈവശം സൂക്ഷിക്കണമെന്നും വിവരം ഡിഡിഇയെ അറിയിക്കണമെന്നുമാണ് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുള്ളത്. അധ്യയനവർഷം അവസാനിക്കുന്ന മാർച്ച് 31-നുശേഷമേ ഫോൺ തിരികെ നൽകാൻ പാടുള്ളൂ. വിദ്യാലയങ്ങളിൽ പിടിഎ പ്രസിഡന്റ് ചെയർമാനും മദർ പിടിഎ പ്രസിഡന്റ് വൈസ് ചെയർമാനും പ്രഥമാധ്യാപകർ കൺവീനറുമായി എത്തിക്സ് കമ്മിറ്റിക്ക് രൂപംനൽകണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ കമ്മിറ്റികളുള്ള വിദ്യാലയങ്ങൾ കുറവാണ്.

മൊബൈൽ ഫോണുകൾ സ്കൂളിൽ കൊണ്ടുവരുന്നത് വിലക്കുന്ന അധ്യാപകർക്ക് കുട്ടികളുടെ ഭീഷണിയുണ്ട്, പലയിടങ്ങളിലും. ഹയർ സെക്കൻഡറി വിഭാഗത്തിൽ, അക്കാദമിക് മോണിറ്ററിങ് സംവിധാനം ഇപ്പോൾ നടക്കുന്നുണ്ട്. ജില്ലാതല സംഘങ്ങൾ സ്കൂളുകളിലെത്തി, അക്കാദമിക് നിലവാരവും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളും വിലയിരുത്തുന്നുണ്ട്. എന്നാൽ കുട്ടികളുടെ മാനസിക വളർച്ചയെയും പഠനനിലവാരത്തെയും ബാധിക്കുന്ന മൊബൈൽഫോൺ ദുരുപയോഗം വിലയിരുത്തലിൽ ഉൾപ്പെടുന്നില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337015/confiscate-the-phone-if-found-at-school)