---
title: "രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തലസ്ഥാനത്ത് തിരശീല വീഴും"
english_title: "Iffk ending tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33702/iffk-ending-tomorrow"
published_at: "2022-03-24T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c5a50d2eb1_images (18).jpeg"
keywords: []
---

# രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തലസ്ഥാനത്ത് തിരശീല വീഴും

> **Lead Summary:** തിരുവനന്തപുരം: എട്ടു ദിവസം സിനിമാപ്രേമികള്‍ക്ക് വിരുന്നൊരുക്കിയ രാജ്യാന്തര മേളയ്ക്ക് നാളെ (വെള്ളി) തലസ്ഥാനത്ത് തിരശീല വീഴും.ഇറാന്‍ ,അഫ്ഗാന്‍,തുര്‍ക്കി ,റഷ്യ,നൈജീരിയ,ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 173 ചിത്രക്കാഴ്ചകള്‍ക്കാണ് വെള്ളിയാഴ്ച സമാപനമാകുന്നത്.

## Article Content

തിരുവനന്തപുരം: എട്ടു ദിവസം സിനിമാപ്രേമികള്‍ക്ക് വിരുന്നൊരുക്കിയ രാജ്യാന്തര മേളയ്ക്ക് നാളെ (വെള്ളി) തലസ്ഥാനത്ത് തിരശീല വീഴും.ഇറാന്‍ ,അഫ്ഗാന്‍,തുര്‍ക്കി ,റഷ്യ,നൈജീരിയ,ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 173 ചിത്രക്കാഴ്ചകള്‍ക്കാണ് വെള്ളിയാഴ്ച സമാപനമാകുന്നത്.

കൊവിഡ് വെല്ലുവിളികള്‍ക്കു ശേഷം അധികം നിയന്ത്രണങ്ങളില്ലാതെ നടത്തിയ ചലച്ചിത്രോത്സവം തലസ്ഥാനത്ത് തീര്‍ത്തത് ആഘോഷ രാവുകളാണ്.

മത്സര വിഭാഗത്തില്‍ ഇക്കുറി പ്രദര്‍ശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിതാ സംവിധായകരായിരുന്നു. സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്,നതാലി അല്‍വാരിസ് മീസെന്‍ സംവിധാനം ചെയ്ത ക്ലാരാ സോല, ക്രോയേഷ്യന്‍ ചിത്രം മ്യൂറീന, ദിന അമീര്‍ സംവിധാനം ചെയ്ത യു റീസെമ്ബിള്‍ മി, കമീലാ ആന്റിനിയുടെ യൂനി, കോസ്റ്റ ബ്രാവ ലെബനന്‍ എന്നി ചിത്രങ്ങള്‍ പ്രേക്ഷകര്‍ നിറഞ്ഞ സദസില്‍ വരവേറ്റു.

താരാ രാമാനുജം സംവിധാനം ചെയ്ത നിഷിദ്ധോ, കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്ങള്‍, ഐ ആം നോട്ട് ദി റിവര്‍ ഝലം എന്നീ ഇന്ത്യന്‍ മത്സര ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിച്ചു.

ലോകത്തിന്റെ സൗന്ദര്യവും സംഘര്‍ഷവും ആവിഷ്‌കരിക്കുന്ന 86 വൈവിധ്യകാഴ്ചകളില്‍ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ഡ്രൈവ് മൈ കാര്‍, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം ലഭിച്ച റിപ്പിള്‍സ് ഓഫ് ലൈഫ്, പ്രയേഴ്സ് ഫോര്‍ ദി സ്റ്റോളന്‍, അഹെഡ്സ് നീ, വെനീസ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ സണ്‍ ചില്‍ഡ്രന്‍,ഏഷ്യന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ ബ്രൈറ്റന്‍ ഫോര്‍ത്ത്, ബ്രദര്‍ കീപ്പര്‍, ഹൈവ്, തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക പ്രീതി നേടി. രണ്ടു തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോ എന്ന ചിത്രത്തെയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

അഫ്ഗാനിലെ സംഘര്‍ഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കിയ അഞ്ചു ചിത്രങ്ങളുടെ പ്രദര്‍ശനവും ഇത്തവണ മേളയുടെ മാറ്റ് കൂട്ടി. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത , നടന്‍ ദിലീപ് കുമാര്‍, ഇന്ത്യയുടെ വാനമ്ബാടി ലതാ മങ്കേഷ്‌കര്‍, മലയാളത്തിന്റെ അഭിമാനം കെ എസ് സേതുമാധവന്‍, കെ പി എ സി ലളിത, നെടുമുടി വേണു തുടങ്ങി എട്ടു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മേള ചിത്രാര്‍പ്പണം ഒരുക്കി.

ഐസിസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന്‍, ബംഗ്ലദേശ് നടി അസ്‌മേരി ഹഖ്,​ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ,തമിഴ് സംവിധായകന്‍ വെട്രിമാരന്‍,ഗിരീഷ് കാസറവള്ളി, ഡോ.ബോബി ശര്‍മ്മ ബറുവ, ഡോ.രശ്മി ദൊരൈസ്വാമി, അശോക് റാണെ, അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ തുടങ്ങിയ അതുല്യരായ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ മേള ശ്രദ്ധേയമായി. പ്രതിനിധികള്‍ക്ക് കെ എസ് ആര്‍ ടി സി ബസിലും ഓട്ടോയിലും സൗജന്യ സഞ്ചാരമൊരുക്കിയും ഇത്തവണ മേള വൈവിധ്യമറിയിച്ചു.

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിറം പകരാന്‍ ഇത്തവണ ടാഗോര്‍ തിയേറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളില്‍ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളില്‍ ആയിരങ്ങളാണ് പങ്കുചേര്‍ന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33702/iffk-ending-tomorrow)