---
title: "ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും"
english_title: "Up chief minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33782/up-chief-minister"
published_at: "2022-03-25T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d2608222e7_images (6).jpeg"
keywords: []
---

# ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

> **Lead Summary:** ലക്നൗ: ബി ജെ പിക്ക് തുടര്‍ ഭരണം ലഭിച്ച ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

## Article Content

ലക്നൗ: ബി ജെ പിക്ക് തുടര്‍ ഭരണം ലഭിച്ച ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ, സംസ്ഥാന നേതാക്കള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാര്‍ എന്നിവരങ്ങുന്ന വന്‍ നിര പങ്കെടുക്കും. ദി കാശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി, ബോളിവുഡ് താരം കങ്കണ തുടങ്ങിയവരും ചടങ്ങിനെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് വൈകിട്ട് ലക്നൗവിലെ ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

രണ്ടാംവട്ടവും സംസ്ഥാനത്ത് ബി ജെ പിയുടെ മിന്നും ജയത്തിന് വഴിയൊരുക്കിയ യോഗിയെ കഴിഞ്ഞദിവസം നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ യോഗി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.

അതിനിടെ സമാജ്‍വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലിലെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഇതിനായി അസംഗഢിലെ എംപി സ്ഥാനം അദ്ദേഹം രാജിവച്ചു. യുപിയിലെ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാന്‍ വേണ്ടിയാണ് തീരുമാനം. നിയമസഭാ തിരഞ്ഞെട‌ുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ മോശമല്ലാത്ത പ്രകടത്തിന്റെ പശ്ചാത്തലത്തില്‍ അഖിലേഷ് സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഉചിതമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33782/up-chief-minister)