---
title: "ഭാവി തലമുറയെ കൂടി മുന്നിൽ കണ്ടുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചതെന്ന് പ്രസിഡണ്ട് പി പി ദിവ്യ"
english_title: "Budget kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33885/budget-kannur"
published_at: "2022-03-25T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623da9802721a_PRKRA 25.03.22.jpg"
keywords: []
---

# ഭാവി തലമുറയെ കൂടി മുന്നിൽ കണ്ടുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചതെന്ന് പ്രസിഡണ്ട് പി പി ദിവ്യ

> **Lead Summary:** ഭാവി തലമുറയെ കൂടി മുന്നിൽ കണ്ടുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചതെന്ന് പ്രസിഡണ്ട് പി പി ദിവ്യ. ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. പരമ്പരാഗത രീതിയിൽ നിന്ന് മാറി വൈവിധ്യപൂർണമായ ബജറ്റാണ് അവതരിപ്പിച്ചത്.

## Article Content

ഭാവി തലമുറയെ കൂടി മുന്നിൽ കണ്ടുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചതെന്ന് പ്രസിഡണ്ട് പി പി ദിവ്യ. ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. പരമ്പരാഗത രീതിയിൽ നിന്ന് മാറി വൈവിധ്യപൂർണമായ ബജറ്റാണ് അവതരിപ്പിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയ പദ്ധതികളെക്കാൾ കൂടുതൽ ഇത്തവണ നടപ്പാക്കും. എല്ലാ മേഖലയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. പരിഗണിക്കപ്പെടേണ്ട വിഭാഗങ്ങളെ ബജറ്റിലൂടെ ജില്ലാ പഞ്ചായത്ത് ചേർത്തുപിടിച്ചതായും പി പി ദിവ്യ പറഞ്ഞു.

സമഗ്ര വികസനവും ജനക്ഷേമവുമാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ കൈപിടിച്ചുയർത്തും. മണ്ണും പരിസ്ഥിതിയും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കും. ഇതിനായി പരിമിതികളെ മറികടക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. പരിമിതമായ വിഭവങ്ങളും അപരിമിതമായ ആവശ്യങ്ങളുമാണ് വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് നടത്തുന്നത്. പട്ടികജാതി-പട്ടികവർഗ്ഗം, ഭിന്നശേഷിക്കാർ, ട്രാൻസ്ജെന്റേഴ്സ്, വയോജനങ്ങൾ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ലിംഗസമത്വം ലക്ഷ്യംവെച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചും ശാരീരികവും മാനസികവുമായ ശേഷികൾ വർധിപ്പിച്ചും സ്ത്രീ സമൂഹത്തെ ഉയർത്തി കൊണ്ടുവരും. ജില്ലയിലെ പശ്ചാത്തല മേഖലയിൽ വലിയ മുന്നേറ്റമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിന് വിട്ടു കിട്ടിയതുൾപ്പടെ 432.5 കി.മീറ്റർ റോഡ് ഘട്ടം ഘട്ടമായി മെക്കാഡം ടാർ ചെയ്ത് നവീകരിക്കുമെന്നും ബിനോയ് കുര്യൻ പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ കെ കെ രത്‌നകുമാരി (ആരോഗ്യം-വിദ്യാഭ്യാസം), യു പി ശോഭ (വികസനം), അഡ്വ ടി സരള (പൊതുമരാമത്ത്), വി കെ സുരേഷ് ബാബു (ക്ഷേമകാര്യം), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി എം കൃഷ്ണൻ, പി പി ഷാജിർ, കെ സി ജിഷ, അഡ്വ. റോബർട്ട് ജോർജ്, പി വി വത്സല, കെ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ. വിജയൻ മാസ്റ്റർ, എം രാഘവൻ, തോമസ് വക്കത്താനം, എൻ പി ശ്രീധരൻ, ചന്ദ്രൻ കല്ലാട്ട്, എസ് കെ ആബിദ ടീച്ചർ, എ മുഹമ്മദ് അഫ്സൽ, കെ വി ബിജു, ലിസി ജോസഫ്, കോങ്കി രവീന്ദ്രൻ, എം ജൂബിലി ചാക്കോ, സി പി ഷിജു, സെക്രട്ടറി വി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33885/budget-kannur)