---
title: "വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി"
english_title: "Keralahighcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339125/keralahighcourt"
published_at: "2026-01-30T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c6abc8f72a_1000175089.jpg"
keywords: []
---

# വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

> **Lead Summary:** **തിരുവനന്തപുരം : ** വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കാസര്‍കോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയ കേസില്‍ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് കോടതി കാമുകനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.

## Article Content

**തിരുവനന്തപുരം : ** വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കാസര്‍കോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയ കേസില്‍ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് കോടതി കാമുകനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.

2023ലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനായ ഹര്‍ജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ ‘പോയി ചാക്’ എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കണമെങ്കില്‍, പ്രതിക്ക് മരിക്കാന്‍ പ്രേരിപ്പിക്കണം എന്ന കൃത്യമായ ഉദ്ദേശ്യം ഉണ്ടായിരിക്കണം. മരിച്ച വ്യക്തിക്ക് എന്ത് തോന്നി എന്നതിനേക്കാള്‍, പ്രതിയുടെ ആന്തരികമായ ഉദ്ദേശ്യത്തിനാണ് ഇവിടെ മുന്‍ഗണന നല്‍കേണ്ടത്- കോടതി വ്യക്തമാക്കി.ദേഷ്യത്തിന്റെ പുറത്തോ വാക്കുതര്‍ക്കത്തിനിടയിലോ പെട്ടെന്നുണ്ടാകുന്ന വികാരത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതല്ലെന്ന് കോടതി വിലയിരുത്തി. ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കാത്തതിനാല്‍, തെളിവ് നശിപ്പിച്ചു എന്നാരോപിക്കുന്ന 204 വകുപ്പും പ്രതിക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339125/keralahighcourt)