---
title: "വീഡിയോ എഡിറ്റിംഗിൽ ഗൂഢാലോചനയോ? ഷിംജിതയെ ചോദ്യം ചെയ്യാൻ പോലീസ്"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339563/kozhikod"
published_at: "2026-02-02T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69802338d98ba_Screenshot_2026-02-02_093755.jpg"
keywords: []
---

# വീഡിയോ എഡിറ്റിംഗിൽ ഗൂഢാലോചനയോ? ഷിംജിതയെ ചോദ്യം ചെയ്യാൻ പോലീസ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച സോഷ്യൽ മീഡിയ വിചാരണാ കേസിൽ, പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച സോഷ്യൽ മീഡിയ വിചാരണാ കേസിൽ, പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവദിവസം യാത്ര ചെയ്ത സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് പോലീസിന് സംശയമുണ്ട്. ഈ വീഡിയോകൾ എഡിറ്റ് ചെയ്യാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് കണക്കിലെടുത്താണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയത്. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ് ഷിംജിത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339563/kozhikod)